മലപ്പുറം: കലക്ടറേറ്റിനുള്ളിൽ കയറി കല്ലിടുക, സെക്രട്ടേറിയറ്റിനുള്ളിൽ കല്ലിടുക എന്നിങ്ങനെ ശരിക്കും അടി കിട്ടേണ്ട സമരമാണ് സിൽവർ ലൈൻ വിഷയത്തിൽ കഴിഞ്ഞ ദിവസം നടന്നതെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിൽ പൊലീസ് സംയമനം പാലിക്കുകയായിരുന്നു. ജനങ്ങൾക്കെതിരായ യുദ്ധമല്ല സർക്കാർ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് സംയമനം പാലിച്ചത്. സമരക്കാർ എടുത്തുകൊണ്ടു പോയതുകൊണ്ട് കേരളത്തിൽ കല്ലിന് ക്ഷാമമൊന്നുമില്ല. കേരളത്തിൽ ഇല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്ന് കല്ലിടും. ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകിയതിനു ശേഷമേ ഏറ്റെടുക്കുകയുള്ളൂ. തെറ്റായ പ്രചാരണം നടത്തി ആളുകളെ കബളിപ്പിച്ച് സമര രംഗത്തിറക്കുകയാണ്.
കേന്ദ്രം അംഗീകരിച്ച കാര്യങ്ങളേ ഇവിടെ നടക്കുന്നുള്ളൂ. സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായാൽ മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കാൻ സാധിക്കൂ. ഇപ്പോൾ നടക്കുന്നത് ഹൈകോടതി വിധിക്കെതിരായ സമരമാണ്. വിമോചന സമരമൊന്നും ഇനി ഇവിടെ നടക്കില്ല. ആ കാലം മാറിപ്പോയി. അത് മനസ്സിൽ വെച്ചാണ് അവർ നടക്കുന്നതെങ്കിൽ അതു നടക്കാൻ പോകുന്നില്ലെന്നാണ് താൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.