2022 ജനുവരി 10ന് സി.പി.എം കോഴിക്കോട് ജില്ല സമ്മേളന പ്രതിനിധിസമ്മേളനം
ഉദ്ഘാടനം ചെയ്യാൻ ഭട്ട്റോഡ് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയത്തിലേക്ക് വരുന്ന
കോടിയേരി ബാലകൃഷ്ണൻ (ഫയൽ)
കോഴിക്കോട് ബീച്ച് നവീകരണവും സരോവരം ബയോപാർക്കും കോടിയേരി മന്ത്രിയായിരുന്നപ്പോൾ യാഥാർഥ്യമായ ശ്രദ്ധേയ പദ്ധതികൾ
കോഴിക്കോട്: ജനകീയനായ രാഷ്ട്രീയനേതാവ് എന്നതിനൊപ്പം കോടിയേരി ബാലകൃഷ്ണനെ കോഴിക്കോട് ഓർക്കുക ടൂറിസം മന്ത്രിയായിരുന്നപ്പോൾ നൽകിയ സംഭാവനയുടെ പേരിൽ കൂടിയാവും.
കോഴിക്കോട് ബീച്ചിന്റെ മുഖംമാറ്റിയ നവീകരണവും നഗരത്തിലെ സരോവരം ബയോപാർക്കുമെല്ലാം കോടിയേരി മന്ത്രിയായിരുന്നപ്പോൾ യാഥാർഥ്യമായ ശ്രദ്ധേയ പദ്ധതികളാണ്. കോർപറേഷൻ ഓഫിസിന് മുന്നിലെ ആദ്യഘട്ട ബീച്ച് നവീകരണം തീരദേശ ടൂറിസം വികസനത്തിന്റെ മികച്ച തുടക്കമായിരുന്നു.
ജനസാഗരത്തിന് മുന്നിൽ പ്രസംഗിച്ചുമാത്രമല്ല, പ്രവർത്തിച്ചും അദ്ദേഹം കടപ്പുറത്തിന്റെ ഇഷ്ടംനേടി. സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട് നടന്നപ്പോൾ സ്റ്റുഡന്റ്സ് പൊലീസ് പദ്ധതിയുടെ (കുട്ടിപ്പൊലീസ്) പൈലറ്റ് പദ്ധതിക്ക് വേദിയായത് ജില്ലയായിരുന്നു.
യുവജനോത്സവവേദിയിൽ കുട്ടിപ്പൊലീസ് സേന ആദ്യമായി ഗോദയിലിറങ്ങി. കോഴിക്കോട് നഗരത്തിൽ ഷാഡോ പൊലീസ് രൂപവത്കരിച്ചതും വിദ്യാർഥികളിലെ ലഹരി ഉപയോഗത്തിന്റെതടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടുപിടിച്ചതും കോടിയേരി ആഭ്യന്തരമന്ത്രിയായ കാലത്തായിരുന്നു. ജനമൈത്രി പൊലീസ് സജീവമായ കാലം കൂടിയായിരുന്നു കോടിയേരിയുടെ കാലം.
കോഴിക്കോട് കടപ്പുറം, മുതലക്കുളം മൈതാനം, ടൗൺഹാൾ, ടാഗോർ ഹാൾ എന്നിവ കോടിയേരിയുടെ ഉജ്ജ്വല രാഷ്ട്രീയപ്രസംഗങ്ങൾക്ക് സാക്ഷിയാണ്. പൊതുയോഗങ്ങളിലും വാർത്തസമ്മേളനങ്ങളിലുമെല്ലാം സൗമ്യമായ ഓർമകൾ കൂടിയാണ് ഈ നഗരത്തിന് അദ്ദേഹം.
2022 ജനുവരിയിൽ നടന്ന സി.പി.എം ജില്ല സമ്മേളന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തത് കോടിയേരിയായിരുന്നു. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇതിനാണ് വർഗീയ കോർപറേറ്റ് കൂട്ടുകെട്ടുണ്ടാക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ഘാടനപ്രസംഗത്തിന്റെ കാതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.