കൊക്കയാർ: രണ്ടുനാൾ നീണ്ട തിരച്ചിലിനൊടുവിൽ നാലുവയസ്സുകാരന് സച്ചു ഷാഹുലിെൻറ മൃതദേഹം കൂടി കണ്ടെത്തിയതോടെ ഉരുള്‍പൊട്ടല്‍ ഏഴു ജീവന് അപഹരിച്ച കൊക്കയാര്‍ മാക്കൊച്ചി പ്രദേശത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മലവെള്ളപ്പാച്ചിലിൽപെട്ട കൊക്കയാര്‍ ചേംപ്ലാനിക്കല് സാബുവിെൻറ ഭാര്യ ആന്‍സിക്കായി(49) തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. ഇവര്‍ വീട്ടിനുള്ളില്‍ കുടുങ്ങുകയും വെള്ളപ്പാച്ചിലിൽ വീടിെൻറ ഒരു ഭാഗം ഇടിഞ്ഞ് ഇവരെ കാണാതാവുകയുമായിരുന്നു. ഞായറാഴ്ച ആറു പേരുടെ മൃതദേഹം ലഭിച്ചിരുന്നു. സച്ചുവിെൻറ മൃതദേഹം ലഭിച്ചതോടെ രണ്ടിടത്തുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും മരിച്ചവരുടെ എണ്ണം 23 ആയി.
മാക്കൊച്ചി, പുതുപ്പറമ്പില്‍ ഷാഹുല്‍-പാത്തുമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് സച്ചു. അപകടത്തില്‍ സച്ചു ഒഴികെ എല്ലാവരും രക്ഷപ്പെട്ടു. ശനിയാഴ്ച തുടങ്ങിയ തിരച്ചിലിെൻറ മൂന്നാം നാളിലാണ് വീടിനോട് ചേര്‍ന്ന് മണ്ണിനടിയില്‍നിന്ന് സച്ചുമോനെ ലഭിച്ചത്. മൃതദേഹം തിങ്കളാഴ്ച അഞ്ചുമണിയോടെ കൂട്ടിക്കല്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കാഞ്ഞിരപ്പള്ളി, ചെരിപുറത്ത് സിയാദിെൻറ ഭാര്യ ഫൗസിയ, ഇവരുടെ മക്കളായ അമീന്, അംന എന്നിവരെ കാഞ്ഞിരപ്പളളി നൈനാര്‍ പളളി ഖബർസ്ഥാനിലും ഫൗസിയയുടെ സഹോദരന് ഫൈസലിെൻറ മക്കളായ അഫ്സാന, അഫിയാന്‍ എന്നിവരെ കൂട്ടിക്കല്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിലും ഞായറാഴ്ച ഖബറടക്കി. ചിറയില്‍ ഷാജിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കൂട്ടിക്കല്‍ സി.എസ്.ഐ പള്ളി സെമിേത്തരിയില്‍ സംസ്കരിച്ചു.
കാവാലി, ഒട്ടലാങ്കല്‍ ക്ലാരമ്മ, മകന് മാര്ട്ടിന്, മാര്‍ട്ടിെൻറ ഭാര്യ സിനി, മക്കളായ സാന്ദ്ര, സ്നേഹ, സോന എന്നിവരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കാവാലി സെൻറ് മേരിസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മണിക്കൂറുകളോളം പെയ്ത കനത്ത മഴയില്‍ വെംബ്ലി, വടക്കേമല ഗ്രാമങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്. നൂറോളം വീടുകള്‍ തകര്‍ന്നു. പഞ്ചായത്തിലെ വെംബ്ലി, കനകപുരം, മേലോരം കൊക്കയാര്‍ പൂവഞ്ചി വാര്‍ഡുകളിലാണ് വ്യാപക നാശമുണ്ടായത്. നിരവധി പാലങ്ങള്‍ ഒലിച്ചുപോയിട്ടുണ്ട്.
നാടിനെ കരയിച്ച് ഒട്ടലാങ്കല്‍ കുടുംബം ഓര്‍മയായി
കൂട്ടിക്കല്‍ (കോട്ടയം): ഉരുൾജലം തുടച്ചുനീക്കിയ ആ കുടുംബത്തിലെ ഓരോ അംഗങ്ങളെയും വഹിച്ച് കാവാലി മലമുകളിലെ പള്ളിയിലേക്ക് ആംബുലൻസുകൾ കയറിവരുന്ന കാഴ്ച തന്നെ നെഞ്ചുലക്കുന്നതായിരുന്നു. ദുരന്തം ഇല്ലാതാക്കിയ ഒട്ടലാങ്കല്‍ കുടുംബത്തിലെ ക്ലാരമ്മ, മകന് മാര്ട്ടിന്, ഭാര്യ സിനി, മക്കളായ സാന്ദ്ര, സ്നേഹ, സോന എന്നിവരുടെ ചേതനയറ്റ ശരീരങ്ങൾ കാവാലി സെൻറ് മേരീസ് പള്ളിയങ്കണത്തിൽ അന്ത്യശുശ്രൂഷകൾക്കായി എത്തിച്ചപ്പോൾ നാട്ടുകാർ തേങ്ങലോടെ ഏറ്റുവാങ്ങി. രണ്ടാഴ്ചമുമ്പുവരെ കുര്ബാനക്കെത്തിയിരുന്ന ഈ കുടുംബത്തെ നിശ്ചലമായി പള്ളിയങ്കണത്തില്‍ കിടത്തിയപ്പോള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയവർ വിതുമ്പുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.