സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന സംഭവം: അജ്മലിനൊപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയെ ആശുപത്രിയിൽനിന്ന് പുറത്താക്കി

കൊല്ലം: തിരുവോണ ദിവസം കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് ശരീരത്തിലൂടെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ കാറോടിച്ച അജ്മലിന് കൂടെയുണ്ടായിരുന്ന യുവ ഡോക്ടർ ശ്രീക്കുട്ടിയെ ആശുപത്രിയിൽനിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽനിന്നാണ് പുറത്താക്കിയത്. ആശുപത്രിക്ക് കളങ്കമുണ്ടാക്കുന്ന നടപടി ഡോക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതിനാലാണ് നടപടിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അതേസമയം, ക്രൂര സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ല പൊലീസ് മേധാവി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഇന്നലെ വൈകുന്നേരം 5.45ഓടെയുണ്ടായ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശ്രീക്കുട്ടിയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലായത്. ഒളിവിൽ പോയ വെളുത്തമണൽ സ്വദേശി അജ്മലിനെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്.

അജ്മലും ഡോ. ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നെന്ന് ക്രൂരസംഭവത്തിന് സാക്ഷികളായ നാട്ടുകാർ പറയുന്നു. ഇരുവരും മദ്യപിച്ചിരുന്നെന്നാണ് പൊലീസും നൽകുന്ന വിവരം. ഇക്കാര്യം വൈദ്യപരിശോധന ഫലം വന്നാൽ മാത്രമേ വ്യക്തമാകൂ. സുഹൃത്തിന്‍റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടാക്കിയതെന്നും സൂചനയുണ്ട്. അജ്മൽ നിരവധി കേസുകളിൽ പ്രതിയാണ്.

പലചരക്കുകടയിൽനിന്ന് സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ റോഡിലേക്ക് ഇറങ്ങവെ തെറ്റായ ദിശയിലൂടെ വന്ന കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന കുഞ്ഞുമോളും ഫൗസിയയും റോഡിലേക്ക് തെറിച്ചുവീണു. ഒന്ന് നിർത്തിയ കാർ ഉടൻ പിന്നോട്ടെടുത്ത് വേഗത്തിൽ മുന്നോട്ടെടുത്ത് റോഡിൽ കിടക്കുകയായിരുന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി പാഞ്ഞുപോയി. സമീപത്തുണ്ടായിരുന്നവർ വണ്ടി നിർത്താൻ അലറി വിളിച്ച് പറഞ്ഞിട്ടും കേൾക്കാതെയാണ് കാർ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയത്. ഇക്കാര്യം സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന കുഞ്ഞുമോൾ ഇന്നലെ രാത്രിയാണ് മരിച്ചത്.

Tags:    
News Summary - Kollam Anoorkavu hit-and-run case: Human Rights Commission sought report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.