കൊല്ലം: ഇപ്പോഴത്തെ കൊല്ലം കണ്ടാൽ... കണ്ടം വഴി ഓടേണ്ട അവസ്ഥയെന്നാണ് നഗരത്തിലെത്തുന്നവർക്കെല്ലാം പറയാനുള്ളത്. ചരിത്രവും പൈതൃകവുമൊക്കെ പേറുന്ന കൊല്ലം നഗരം ഇപ്പോൾ ആകെ അഴിയാക്കുരുക്കിലാണ്. ദീർഘവീക്ഷണമില്ലാത്ത പദ്ധതികളും അവഗണനയും നഗരത്തെ ഇല്ലാതാക്കുന്നതിലേക്കെത്തിച്ചെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ ഏറ്റവും മോശമായ ജില്ല കേന്ദ്രങ്ങളിലൊന്നാണ് കൊല്ലമെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.
നഗരത്തെ രണ്ടായി മുറിക്കുന്ന വൻമതിൽ പോലുള്ള മേൽപാലവും അശാസ്ത്രീയമായ ഗതാഗതനിയന്ത്രണവും കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകളുമാണ് ഇപ്പോൾ നഗരത്തിന്‍റെ അടയാളങ്ങൾ. അതിനൊപ്പം പൂർത്തീകരിക്കാത്ത പദ്ധതികളും. ഇതിന്‍റെയെല്ലാം ബുദ്ധിമുട്ടും പ്രയാസങ്ങളും അനുഭവിക്കുന്നത് ജനങ്ങളും.
പ്രതിഷേധവും പരാതികളും ശക്തമാകുമ്പോൾ 'ഇപ്പോൾ ശരിയാക്കിത്തരാം...' എന്ന സ്ഥിരം പല്ലവി ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നു തീരുമീ ദുരിതമെന്നാണ് നരഗത്തിലിറങ്ങുന്ന ആരുടെയും മനസ്സിലുയരുന്ന ചോദ്യം.
ഒരു കാലത്ത് വ്യാപാരരംഗത്ത് പ്രൗഢിയോടെ നിന്ന ചാമക്കടക്ക് ആ പ്രതാപം ഇന്നില്ല. 'ഇനിയും മരിക്കാത്ത ഭൂമി.. നിന്നാസന്ന മൃതിയിൽ നിനക്ക് ആത്മശാന്തി....' എന്ന കവിതാവരികൾ പോലെ ആസന്നമായ നാശത്തിലേക്കാണോ നഗരം പോകുന്നതെന്ന ആശങ്കയാണ് ചുറ്റുപാടും. ഉടൻ പരിഹാരമെന്ന വാക്കിന് വിലയില്ലാതായിട്ട് കാലങ്ങളായി.
തകർന്നടിഞ്ഞ റോഡുകൾ
നഗരത്തിലേക്കെത്തുന്ന മിക്ക റോഡുകളും കുണ്ടും കുഴിയുമായി കിടക്കുകയാണ്. പ്രധാനപാതകൾ എല്ലാം കോർപറേഷൻ, ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഹാർബർ എൻജിനീയറിങ് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ പല ജോലികൾക്കായി കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്.
പ്രധാനമായും ഞാങ്കടവ് പദ്ധതിക്ക് പൈപ്പിടുന്ന ജോലികൾക്കായാണ് റോഡുകൾ പൊളിച്ചിരിക്കുന്നത്. പൈപ്പിടുന്ന ജോലികൾ ജലവിഭവ വകുപ്പ് സമയബന്ധിതമായി തീർത്ത് റോഡ് കൈമാറിയിട്ടും ടാറിങ് അനന്തമായി നീളുകയാണ്. പൈപ്പിലൂടെ കുടിവെള്ളം പമ്പ് ചെയ്ത് എവിടെയെങ്കിലും ചോർച്ച എന്നു നോക്കിയ ശേഷം മാത്രമാണ് ടാറിങ് ഉണ്ടാവുക എന്നാണ് അറിയുന്നത്. അങ്ങനെെയങ്കിൽ അടുത്ത കാലത്തെങ്ങും റോഡ് നന്നാവില്ല.
നഗരത്തിലെ പ്രധാന മാർക്കറ്റായ ചാമക്കടയിലേക്കുള്ള എല്ലാവഴികളും കുഴിച്ചിട്ടിരിക്കുകയാണ്. പൈപ്പിടൽ കഴിഞ്ഞെങ്കിലും ടാറിങ് ഉൾപ്പടെ അനുബന്ധ പ്രവൃത്തികൾ നീളുകയാണ്. രൂക്ഷമായ പൊടിശല്യത്തിൽ യാത്രക്കാരും വ്യാപാരികളും വലയുന്നു. ചാമക്കടയിൽനിന്ന് താമരക്കുളം ഭാഗത്തേക്കുള്ള റോഡും ചിന്നക്കട ക്ലോക്ക് ടവറിനു മുന്നിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന റോഡും പൈപ്പിനെടുത്ത കുഴികളാൽ 'സമൃദ്ധ'മാണ്. എസ്.എം.പി പാലസിന് മുന്നിലൂടെയുള്ള റോഡിന്‍റെ അവസ്ഥയും വ്യത്യസ്തമല്ല.
മഴയത്തുണ്ടാകുന്ന ചെളിയും വേനലിലെ പൊടിശല്യവും ഒരുപോലെ ജനങ്ങളെ വലക്കുകയാണ്. റെയിൽവേ സ്റ്റേഷൻ, കോർപറേഷൻ ഓഫിസ്, ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, വാട്ടർ അതോറിറ്റി ഓഫിസ്, എ.ആർ ക്യാമ്പ് തുടങ്ങി പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ പരിസരത്തിലൂടെ പോകുന്ന ക്യു.എ.സി-റെയിൽവേ സ്റ്റേഷൻ റോഡിന്‍റെ സ്ഥിതിയും ദയനീയമാണ്.
ദുരിതം വർധിച്ചതോടെ കുഴികൾ മെറ്റലിട്ട് ഉറപ്പിച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയെങ്കിലും താമസിയാതെ അവ ഇളകി കുഴികളായി. അയത്തിൽ മുതൽ ചെമ്മാംമുക്ക് വരെയുള്ള ഭാഗത്തെ ടാറിങ് പൂർത്തിയായതാണ് ഏക ആശ്വാസം.
മറുകര കാണാത്ത പാലങ്ങൾ
നഗരത്തിന്‍റെ വ്യാപാര മേഖലയെ എങ്ങനെ തകർക്കാമെന്നതിന്‍റെ മികച്ച ഉദാഹരണമാണ് കല്ലുപാലം. മൂന്ന് വർഷമാകുമ്പോഴും ഇത്തിരി ദൂരത്തിലുള്ള പാലം എന്ന് പൂർത്തിയാകുമെന്നതിൽ പ്രവചനം അസാധ്യം. പഴയ കരാറുകാരൻ മാറി പുതിയ ആൾ വരുമ്പോഴും ക്ലൈമാക്സ് എന്താകുമെന്ന് പറയാനാവാത്ത സ്ഥിതി.
കൊല്ലം തോടിന്‍റെ ഇരുകരകളെ ബന്ധിപ്പിച്ചിരുന്ന ചരിത്രശേഷിപ്പായിരുന്നു കല്ലുപാലം. കാലപ്പഴക്കത്തിന്‍റെ പേരിൽ പൊളിച്ച് പുതിയത് നിർമിക്കാൻ തുടങ്ങിയപ്പോൾ വാനോളം പ്രതീക്ഷകളായിരുന്നു. 2019ലാണ് പഴയ കല്ലുപാലം പൊളിച്ചത്. 20 മീറ്റർ മാത്രമുള്ള പാലത്തിന്‍റെ നിർമാണമാണ് 1000 ദിവസത്തിലേക്കെത്തുമ്പോളും തീരാത്തത്.
പണം കൂടുതൽ വേണമെന്ന് പറഞ്ഞപ്പോൾ പഴയ കരാറുകാരൻ പുറത്തായി. ഇപ്പോൾ പുതിയ കമ്പനി കരാർ ഏറ്റെടുത്തുവെന്ന് പറയുമ്പോഴും എന്താവുമെന്ന് ആർക്കും നിശ്ചയമില്ല.
കല്ലുപാലം നിർമാണം വേഗത്തിലാക്കാൻ വർഷങ്ങളായി സമരം ചെയ്ത സംഘടനകൾ ഉൾപ്പെടെ പരസ്പരം മുഖത്തോട് മുഖം നോക്കിയിരിക്കുകയാണ്. വലിയ കമ്പോളമായിരുന്ന ചാമക്കടക്ക് പഴയകാല പ്രതാപം നഷ്ടമായി. കല്ലുപാലം പൂർത്തിയായാൽ കൂടി പഴയ പ്രൗഡിയിലേക്ക് എത്തുമോയെന്ന ആശങ്കയും ഉയരുന്നു.
നഗരത്തിന്‍റെ വികസനക്കുതിപ്പ് എന്ന മട്ടിലാണ് ആശ്രാമം ലിങ്ക് റോഡ് തോപ്പിൽകടവിലേക്ക് നീട്ടാൻ അഷ്ടമുടിക്കായലിലൂടെ പാലം പണിയാൻ തീരുമാനിച്ചത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ ഓലയിൽ കടവ് മൂന്നാംഘട്ടം പൂർത്തിയായാൽ നാലാംഘട്ടം അപ്പോൾ തുടങ്ങും എന്നായിരുന്നു വാഗ്ദാനം. 103 കോടി മുടക്കി ഓലയിൽകടവ് വരെയുള്ള 1100 മീറ്റർ ഫ്ലൈഓവർ ഉൾപ്പെടെ മൂന്നാംഘട്ടം പൂർത്തിയാക്കി. പാലം ഇനിയെങ്ങോട്ട് പോകണമെന്ന ചോദ്യം കായലിന് മധ്യത്തിൽ നിൽക്കുകയാണ്.
തേവള്ളി പാലത്തിനടിയിലൂടെ വേണം നാലാംഘട്ടത്തിൽ പാലം കടന്നുപോകാൻ. ഇതുൾപ്പെടെ പ്ലാൻ കിഫ്ബി സാങ്കേതിക വിദഗ്ധർക്ക് പിടികിട്ടാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. നാല് കൊല്ലത്തോളമായി തുടരുന്ന ഇക്കാര്യത്തിലെ സംശയം അടുത്തെങ്ങും തീരാൻ പോകുന്നില്ല.
സംരക്ഷണമില്ലാതെ ചരിത്ര സ്മാരകങ്ങൾ
ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാതെ പോകുന്നതാണ് മറ്റൊരു പോരായ്മ. യുദ്ധസ്മരണകൾ നിറഞ്ഞുനിൽക്കുന്ന പീരങ്കി മൈതാനത്തെ നശിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. പ്രതിഷേധങ്ങൾ ശക്തമായതോടെ തീരുമാനം മാറുന്നുവെങ്കിലും മൈതാനത്തിന്‍റെ ഭൂരിഭാഗം പ്രദേശവും പല ആവശ്യങ്ങൾക്കായി അപഹരിക്കപ്പെട്ടു.
മൂന്നരപ്പതിറ്റാണ്ട് മുമ്പ് പീരങ്കി മൈതാനത്തിന്റെ ഒരുഭാഗത്ത് ലാൽ ബഹദൂർ സ്റ്റേഡിയം നിർമിച്ചു. റോഡിനോട് ചേർന്നുള്ള ഭാഗത്ത് ഇൻഡോർ സ്റ്റേഡിയം നിർമാണം നടക്കുന്നു. ബാക്കി ഭൂമിയിൽ ഒരേക്കർ സ്ഥലത്ത് കലക്ടറേറ്റ് അനക്സ് നിർമാണത്തിന് ശ്രമമുണ്ടായെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങി.
റവന്യൂ വകുപ്പിന്റെ പക്കൽ പീരങ്കി മൈതാനത്തിന്റെ കൃത്യമായ വിസ്തൃതിയില്ല. റീ സർവേ രേഖകൾ പ്രകാരം 21.69 ഏക്കറാണ്. ഇതിൽ നിന്നാണ് ലാൽ ബഹദൂർ സ്റ്റേഡിയത്തിനും മറ്റ് സ്ഥാപനങ്ങൾക്കും സ്ഥലം വിട്ടുകൊടുത്തത്. പിന്നീട് പഴയ എൻ.എച്ച് 66നോട് ചേർന്ന് തുച്ഛമായ ഭൂമിയാണ് അവശേഷിച്ചത്.
അതിൽ നിന്നാണ് ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനായി സ്ഥലം നൽകിയത്. ചരിത്ര പ്രസിദ്ധമായ ചിങ്ങം 17 വിപ്ലവത്തിന്റെ ഓർമ ഭൂമിയാണ് പീരങ്കി മൈതാനം. ചരിത്രത്തിലിടമുള്ള ആശ്രാമം മൈതാനവും പ്രതിസന്ധി നേരിടുകയാണ്. ബ്രിട്ടീഷ് റസിഡന്റായിരുന്ന മൺറോ പ്രഭുവാണ് 1812ൽ 100 ഏക്കര്‍ സ്ഥലം നിരപ്പാക്കി റസിഡൻസ് ബംഗ്ലാവും മൈതാനവും നിർമിച്ചത്.
ഇപ്പോൾ എത്ര ഏക്കറിൽ മൈതാനമുണ്ടെന്ന് ചോദിച്ചാൽ ആർക്കുമറിയില്ല. കോൺക്രീറ്റ് കൂടാരമാക്കാനുള്ള ശ്രമത്തെ ഒരു പരിധിവരെ ചെറുത്തെങ്കിലും ആശ്രാമത്തിനും പഴയ പ്രൗഡി ഇല്ല. മാലിന്യങ്ങൾ തള്ളാനും കുഴിച്ചു മൂടാനുമുള്ള സ്ഥലമായി മൈതാനത്തെ ചിലർ മാറ്റി.
മൈതാനം സംരക്ഷിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഒന്നും നടപ്പാകുന്നില്ല.
ക്ലീനിങ് ഡ്രൈവ് നടത്തുമെന്ന് പ്രഖ്യാപിച്ച മൈതാനത്ത് ഇപ്പോൾ ഓരോ പരിപാടി കഴിയുമ്പോഴും മാലിന്യം ഉൾെപ്പടെ കുഴിച്ചുമൂടുകയും കത്തിക്കുന്നതും പതിവാണ്. സ്വാഭാവിക സൗന്ദര്യവത്കരണം നടത്തുന്നതിന് ഡി.ടി.പി.സി പുതിയ പ്ലാൻ തയാറാക്കണമെന്ന് നിർദേശമുണ്ടായെങ്കിലും ഇതുവരെ ഒന്നുമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.