കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിൽപെട്ട റോയ് തോമസ് വധക്കേസിൽ സാക്ഷി വിസ്താരം തുടരുന്നു. പ്രതി ജോളിയുടെ ഭർത്താവ് ഷാജു സക്കറിയക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുക്കം ശാഖയിൽ അക്കൗണ്ടുണ്ടായിരുന്നുവെന്നും ആ അക്കൗണ്ടിൽനിന്ന് പല മാസങ്ങളിലും 12,000 രൂപ വീതം ജോളിയുടെ അക്കൗണ്ടിലേക്ക് വന്നിരുന്നുവെന്നും ബ്രാഞ്ച് മാനേജർ എ. അജിത്ത് മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ മൊഴി നൽകി.
2019 ഒക്ടോബർ അഞ്ചിന് മൂന്നാം പ്രതി പ്രജികുമാറിന്റെ കടയിൽനിന്ന് എസ്.ഐ ജീവൻ ജോർജ് സയനൈഡ് കണ്ടെടുക്കുന്നതിനും ജോളിയുടെ മകൻ പഠിച്ച താമരശ്ശേരി അൽഫോൻസ സ്കൂളിൽനിന്ന് രേഖകൾ ഡിവൈ.എസ്.പി പിടിച്ചെടുക്കുന്നതിനും താമരശ്ശേരി ട്രഷറിയിൽനിന്ന് ടോം തോമസിന്റെ ഒപ്പടങ്ങുന്ന രേഖ കണ്ടെടുക്കുന്നതിനും കൂടത്തായി ലൂർദ് മാത പള്ളിയിലെ ഇടവക ഡയറക്ടറി വീണ്ടെടുക്കുന്നതിനും താൻ സാക്ഷിയായിരുന്നുവെന്ന് അന്വേഷണ സംഘത്തിൽ അംഗമായിരുന്ന ക്രൈം ബ്രാഞ്ച് എസ്.ഐ, 229ാം സാക്ഷി പി.പി. മോഹനകൃഷ്ണൻ മൊഴി നൽകി. വിസ്താരത്തിന് ഹാജരാകാതിരുന്ന 44ാം സാക്ഷി മൈക്കാവ് ആനമല ജിപ്സിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. സാക്ഷിവിസ്താരം ചൊവ്വാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.