തിരുവനന്തപുരം: പാലോളി കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയ രീതിയിൽ ജെ.ബി. കോശി കമീഷൻ റിപ്പോർട്ടും നടപ്പാക്കുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി വി. അബ്ദുറഹിമാൻ. കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ന്യൂനപക്ഷ ദിനാചരണം ഉദ്ഘാടനം ചെയ്യവെ മന്ത്രി പറഞ്ഞു.
കമീഷൻ റിപ്പോർട്ടിലെ ശിപാർശയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നിർദേശങ്ങൾ സർക്കാറിന് ലഭിക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ മുഴുവൻ വകുപ്പുകളിൽ നിന്നുമുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ച്, യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അഭിസംബോധന ചെയ്ത് പരിഹരിക്കാനാണ് തീരുമാനം. ബാബരിമസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം പണിയുന്നതിനെ സർക്കാർ തന്നെ സ്പോൺസർ ചെയ്യുന്നത് മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവർക്ക് ദുഃഖകരമാണ്.
ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന്റെ നിലപാട് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന മുത്തലാഖ്, പൗരത്വ നിയമം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇടതുപക്ഷമെടുത്തത് മതേതര സംവിധാനത്തിന് ആരോഗ്യകരമായ നിലപാടാണെന്നും മന്ത്രി പറഞ്ഞു.
മുൻ മന്ത്രി ആന്റണി രാജു എം.എൽ.എ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഡോ. അദീല അബ്ദുല്ല, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. രഘുവരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.