കൊച്ചി: കോട്ടയം-എറണാകുളം റൂട്ടിൽ റെയിൽവേ യാത്രക്കാരുടെ ദുരിതം അവസാനിക്കുന്നില്ല, ഒടുവിൽ പ്രതിഷേധവുമായി യാത്രക്കാർ. തിങ്കളാഴ്ച രാവിലെ പാലരുവി എറണാകുളം ടൗണിൽ പ്രവേശിക്കുമ്പോൾ വലിയ പ്രതിഷേധ സംഗമത്തിനൊരുങ്ങുകയാണ് ഈ ട്രെയിനിലെ സ്ഥിരം യാത്രക്കാർ.
പ്രതിഷേധസൂചകമായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ യാത്രക്കാർ കറുത്ത ബാഡ്ജുകൾ ധരിച്ച് തിങ്കളാഴ്ച രാവിലെ എറണാകുളം ടൗൺ സ്റ്റേഷനിൽ സംഘടിച്ച് സ്റ്റേഷൻ മാസ്റ്റർക്ക് കൂട്ട നിവേദനം നൽകും. മറ്റ് സ്റ്റേഷനുകളിലും പ്രതിഷേധം നടത്തുന്നുണ്ട്.
കൊല്ലം മുതൽ കോട്ടയം വഴി എറണാകുളം ഭാഗത്തേക്കുള്ള യാത്രാക്ലേശം പ്രതിദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും തിരക്കുമൂലം ശ്വാസം പോലും കിട്ടാതെ യാത്രക്കാർ കുഴഞ്ഞുവീഴുന്നത് പതിവായിരിക്കുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി.
പാലരുവിയിലെ തിരക്ക് പാരമ്യത്തിലെത്തുന്ന മുളന്തുരുത്തിയിൽ വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിടുന്നതും പരിഹാരമില്ലാതെ തുടരുകയാണ്. ബദൽ മാർഗമൊരുക്കാതെ വേണാട് എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ് ഒഴിവാക്കിയതും പാലരുവിയിൽ തിരക്ക് വർധിക്കാൻ കാരണമായി. ഒറ്റക്കാലിലും തൂങ്ങിക്കിടന്നുമുള്ള യാത്ര നിമിത്തം കടുത്ത മാനസിക സമ്മർദവും ആരോഗ്യപ്രശ്നങ്ങളും യാത്രക്കാരെ വലക്കുന്നുണ്ട്.
വേണാടിൽ വർഷങ്ങളായി എറണാകുളം സൗത്ത് ഭാഗത്തെ ഓഫിസുകളിൽ സമയം പാലിച്ച് എത്തിയിരുന്ന പലരും ഇപ്പോൾ തൃപ്പൂണിത്തുറയിൽനിന്ന് മെട്രോ മാർഗം ടിക്കറ്റിനത്തിൽതന്നെ പ്രതിമാസം ഭീമമായ സാമ്പത്തിക നഷ്ടം സഹിച്ചാണ് എത്തിച്ചേരുന്നത്. സമയം പാലിക്കാനാവാതെ പലർക്കും ജോലി ഉപേക്ഷിക്കേണ്ടി വന്നതായും യാത്രക്കാർ ചൂണ്ടിക്കാട്ടി. പാലരുവിക്കും വേണാടിനുമിടയിലെ ഒന്നരമണിക്കൂർ ഇടവേളയാണ് യാത്രാക്ലേശത്തിന് പ്രധാന കാരണം.
ഈ ട്രെയിനുകൾക്കിടയിൽ മെമു / പാസഞ്ചർ സർവിസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. പാലരുവിയിലെ കോച്ചുകൾ വർധിപ്പിക്കുക, വന്ദേഭാരതിനുവേണ്ടി പാലരുവി മുളന്തുരുത്തിയിൽ പിടിച്ചിടുന്നത് തൃപ്പൂണിത്തുറയിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങളും ഉയർത്തിയാണ് യാത്രക്കാർ പ്രതിഷേധത്തിനൊരുങ്ങുന്നത്.
പുനലൂർ-ചെങ്കോട്ട പാതയിൽ 18 കോച്ചുകൾക്ക് അനുമതി ലഭിച്ചെങ്കിലും പാലരുവിയിലെ യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവേ താൽപര്യം കാണിക്കാത്തത് ഖേദകരമാണെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.