കോട്ടയത്തിന് പിന്നാലെ കൊല്ലത്തും കാട്ടുപോത്തിന്‍റെ ആക്രമണം; സംസ്ഥാനത്ത് മൂന്ന് മരണം, കൊല്ലത്ത് മരിച്ചത് പ്രവാസി

കൊല്ലം: കോട്ടയത്തിന് പിന്നാലെ കൊല്ലത്തും കാട്ടുപോത്തിന്‍റെ ആക്രമണം. കാട്ടുപോത്തിന്‍റെ കുത്തേറ്റ് ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞാൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. ഇതോടെ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ സംസ്ഥാനത്ത് ഇന്ന് മൂന്നു പേർ മരിച്ചു.

പ്രവാസിയായ സാമുവൽ കഴിഞ്ഞ ദിവസമാണ് ദുബൈയിൽ നിന്ന് നാട്ടിലെത്തിയത്. രാവിലെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണം. സാമുവലിനെ പിന്നിൽ നിന്നാണ് കാട്ടുപോത്ത് കുത്തിയത്.

ഗുരുതര പരിക്കേറ്റ സാമുവലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

രാവിലെ എരുമേലിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചിരുന്നു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പുന്നത്തറയിൽ തോമസിന് (60) എന്നിവരാണ് മരിച്ചത്.

രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് സംഭവം. വഴിയരികിലെ വീടിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

തുടർന്ന് തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് തോമസ് മരിച്ചത്. 

Tags:    
News Summary - Kottayam followed by wild buffalo attack in Kollam; The expatriate died after being stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.