ഗാന്ധിനഗർ (കോട്ടയം): വയറുവേദനയുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയുടെ തല മൊട്ടയടിച്ചു. എരുമേലി കനകപ്പലം സ്വദേശിനി ശോഭനയുടെ (43) മുടിയാണ് തലക്ക് ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച രോഗിയാണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രി ജീവനക്കാർ ഷേവ് ചെയ്തത്.
കഴിഞ്ഞ 26നാണ് വയറുവേദനയെത്തുടർന്ന് ശോഭനയെ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
അൾസറാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. എന്നാൽ, അടുത്തദിവസം രാവിലെ ജീവനക്കാരെത്തി ശോഭനയുടെ തല ഷേവ് ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അൾസർ ബാധിച്ച് ചികിത്സ തേടിയെത്തിയയാളുടെ തലമുടി നീക്കുന്നത് എന്തിനാണെന്ന് ചോദിച്ചെങ്കിലും ജീവനക്കാരി മറുപടി പറഞ്ഞില്ലേത്ര. അന്ന് രാത്രിതന്നെ സർജറി വിഭാഗം ഡോക്ടർമാരെത്തി തിയറ്ററിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി.
തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോൾ ശസ്ത്രക്രിയക്ക് ശേഷം സ്ത്രീകളെ കിടത്തിച്ചികിത്സിക്കുന്ന 13ാം വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം വിവാദമായതോടെ തലമുടി മുറിച്ചുമാറ്റാൻ നിർദേശം നൽകിയവർ ശോഭനയുടെ ബന്ധുക്കളുടെ അടുത്തെത്തി ക്ഷമാപണവും നടത്തി. എന്നാൽ, സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ. ചികിത്സ സംബന്ധമായ പോരായ്മ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഇതുവരെ പരാതി നൽകാതിരുന്നത്. ഡിസ്ചാർജ് ചെയ്താലുടൻ പരാതിനൽകും. മറ്റൊരു രോഗിക്ക് ഇൗ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് പരാതി നൽകുന്നതെന്നും ബന്ധുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.