പെൻഷൻ ഫണ്ട് തട്ടിപ്പ്: കോട്ടയം നഗരസഭ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യാൻ ശിപാർശ

കോട്ടയം: നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് വിഷയത്തിൽ സെക്രട്ടറിയെ സർവിസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് തദ്ദേശ ഭരണ ജില്ല ജോയന്‍റ് ഡയറക്ടർ ശിപാർശ ചെയ്തു. പ്രിൻസിപ്പൽ ഡയറക്ടർക്ക് കൈമാറിയ റിപ്പോർട്ടിൽ ഉടൻ നടപടിയുണ്ടാകും. തട്ടിപ്പ് നടത്തിയ മുൻ ജീവനക്കാരൻ അഖിൽ സി. വർഗീസിനുപുറമെ ഡെപ്യൂട്ടി സെക്രട്ടറി ഫില്ലിസ് ഫെലിക്സ്, അക്കൗണ്ട്സ് വിഭാഗം സൂപ്രണ്ട് എസ്.കെ. ശ്യാം, അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ ക്ലർക്ക് വി.ജി. സന്തോഷ് കുമാർ, പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന കെ.ജി. ബിന്ദു എന്നിവർ നിലവിൽ അന്വേഷണവിധേയമായി സസ്പെൻഷനിലാണ്. നിലവിലെ സെക്രട്ടറി 2023 ഏപ്രിലിലാണ് കോട്ടയം നഗരസഭയിലെത്തിയത്.

അതിനുമുമ്പ് സെക്രട്ടറിയായിരുന്നവർക്കെതിരെ നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മുനിസിപ്പൽ എൻജിനീയർ, സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരും സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. തട്ടിപ്പ് സംബന്ധിച്ച് നഗരസഭയിൽ ഓഡിറ്റ്-തദ്ദേശവകുപ്പുകളുടെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ 30 മുതൽ തദ്ദേശവകുപ്പ് സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിൽ ഏഴംഗസംഘം പരിശോധന നടത്തുന്നുണ്ട്. ഓഡിറ്റ് ഡയറക്ടർ കെ.ജി. മിനിമോളുടെ നേതൃത്വത്തിലാണ് ഓഡിറ്റ് വകുപ്പിന്‍റെ പരിശോധന.

2020 ഒക്ടോബർ മുതൽ 2024 ആഗസ്റ്റ് വരെ കാലയളവിൽ 2.39 ലക്ഷം രൂപയാണ് പ്രതി അഖിൽ സി. വർഗീസ് മാതാവിന്‍റെ പേരിലുള്ള കൊല്ലം എസ്.ബി.ഐയിലെ അക്കൗണ്ടിലേക്ക് മാത്രം മാറ്റിയത്. ട്രഷറി വഴി 51.90 ലക്ഷവും ബാങ്ക് ഓഫ് മഹാരാഷ്ട്ര വഴി 55.79 ലക്ഷവും എസ്.ബി.ഐ വഴി 1.31 കോടിയുമാണ് തട്ടിയത്. വെസ്റ്റ് പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.

Tags:    
News Summary - Kottayam municipality Pension fund fraud: calls for suspension of secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.