കോട്ടയം: വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട സാധ്യതകൾ പ്രയോജനപ്പെടുത്തി കോട്ടയം തുറമുഖം വികസിപ്പിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. തുറമുഖ വകുപ്പിന്റെ ചുമതലയേറ്റശേഷം ആദ്യമായി കോട്ടയം തുറമുഖത്തെത്തിയതായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖം പൂർണ പ്രവർത്തനസജ്ജമാകുന്നതോടെ കണ്ടെയ്നർ നീക്കം വർധിക്കും. കസ്റ്റംസ് പരിശോധന നടത്താൻ സംവിധാനമുള്ളതിനാൽ കോട്ടയത്തുനിന്ന് പരിശോധന നടത്തി കണ്ടെയ്നർ കയറ്റിയയക്കാൻ സാധിക്കും. പെരുമ്പാവൂർ, മൂവാറ്റുപുഴ, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലെ കയറ്റുമതിക്കാർക്ക് ഇത് പ്രയോജനപ്പെടുത്തി വിഴിഞ്ഞത്തുള്ള കസ്റ്റംസ് പരിശോധന ഒഴിവാക്കാനാകും.
കോട്ടയം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ കിൻഫ്രയുടെയും 51 ശതമാനം സ്വകാര്യ സംരംഭകരുടേതുമാണ്. തുറമുഖത്തെ മാരിടൈം ബോർഡിനുകീഴിൽ കൊണ്ടുവരാനും വികസനം പൂർണമാക്കാനുമുള്ള ചർച്ചകൾ വ്യവസായ വകുപ്പുമായി ചേർന്ന് നടത്തും. ഇക്കാര്യം വ്യവസായമന്ത്രി പി. രാജീവുമായി ചർച്ച ചെയ്യുമെന്നും വാസവൻ പറഞ്ഞു. കൂടുതൽ ബാർജുകൾ എത്തിച്ച് കണ്ടെയ്നർ ചരക്കുനീക്കം വർധിപ്പിക്കാനാണ് ശ്രമം. 24 കണ്ടെയ്നറുകൾ കൊണ്ടുവരാൻ ശേഷിയുള്ള ബാർജ് ലഭ്യമാക്കാൻ കുവൈത്ത് കമ്പനിയുമായി കോട്ടയം തുറമുഖം ചർച്ച നടത്തുന്നുണ്ട്. നിലവിലെ മാർക്കറ്റ് സർവേ പ്രകാരം മാസം 1000 മുതൽ 2000 വരെ കണ്ടെയ്നർ കോട്ടയം പോർട്ടിലൂടെ കയറ്റുമതി ചെയ്യാമെന്നാണ് പ്രതീക്ഷ. നിലവിൽ 65,000 ചതുരശ്രയടിയുള്ള വെയർഹൗസുണ്ട്. 10,000 ചതുരശ്രയടിയുള്ള വെയർഹൗസിന്റെ നിർമാണം ഫെബ്രുവരിയിൽ ആരംഭിക്കാനുള്ള നടപടികളായി. വലിയ ബാർജുകൾ കൈകാര്യം ചെയ്യാനുള്ള ആധുനിക ബെർത്ത്, എംപ്റ്റി കണ്ടെയ്നർ യാർഡ്, ക്രെയിൻ എന്നിവയും സജ്ജമാക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം പോർട്ട് ആന്‍ഡ് കണ്ടെയ്നർ ടെർമിനൽ സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ മന്ത്രിയെ സ്വീകരിച്ചു. 2023 ഡിസംബർ വരെ 5,54,625 ടൺ ചരക്കുനീക്കം കോട്ടയം തുറമുഖത്തുകൂടി നടന്നതായി ഇവർ അറിയിച്ചു. 621.09 കോടിയുടെ ചരക്കുനീക്കമാണ് നടന്നത്. 81.28 കോടി രൂപ കസ്റ്റംസ് വരുമാനം ലഭിച്ചു. മൂന്നുകോടി രൂപ ജി.എസ്.ടി ഇനത്തിലും ഇതിലൂടെ ലഭിച്ചിട്ടുണ്ട്. നഗരസഭാംഗം ദീപാമോൾ, മാനേജിങ് ഡയറക്ടർ എബ്രഹാം വർഗീസ്, ജനറൽ മാനേജർ കെ.എൻ. രൂപേഷ് ബാബു, ഡയറക്ടർമാരായ ജോർജ് ഫെൻ, ഷാജി ജോസഫ്, ബൈജു ബസന്ത്, എം.സി. അലക്സ്, ഓഡിറ്റർ റിജോ ടോം മാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.