തിരുവനന്തപുരം: കോവളം കൊട്ടാരവും അനുബന്ധമായ 4.13 ഹെക്ടർ ഭൂമിയും രവിപിള്ള ഗ്രൂപ്പിന്(ആർ.പി ഗ്രൂപ്) വിട്ടുനൽകാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഉടമാവകാശത്തിനായി സിവിൽ കേസ് ഫയൽ ചെയ്യാനുള്ള അവകാശം സർക്കാറിൽ നിലനിർത്തിയാണ് കൈമാറ്റം. മാസങ്ങളായി മന്ത്രിസഭയിലും വകുപ്പുതലത്തിലും നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. കോവളം കൊട്ടാരവും ഭൂമിയും പൂർണമായും വിട്ടുനൽക്കുന്നതിനോട് റവന്യൂ വകുപ്പ് വിയോജിച്ചിരുന്നു.
മന്ത്രിസഭയുടെ പല യോഗങ്ങളിലും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ശക്തമായ നിലപാടാണ് എടുത്തിരുന്നത്. കൊട്ടാരത്തിെൻറയും ഭൂമിയുടെയും കൈവശാവകാശം വിട്ടുനൽകാൻ തീരുമാനിച്ച ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തിൽ സി.പി.െഎ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, പി.കെ. രാജു, വി.എസ്. സുനിൽകുമാർ എന്നിവർ പെങ്കടുത്തില്ല.
സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി വി.എസ്. അച്യുതാനന്ദൻ രംഗത്തുവന്നു. കൈവശാവകാശമാണ് ഹോട്ടൽ ഗ്രൂപ്പിന് വിട്ടുനൽകുന്നതെന്നും സര്‍ക്കാര്‍ ഇക്കാര്യം പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അധികാരപ്പെട്ട കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതിനുള്ള അവകാശം നിലനിര്ത്തിക്കൊണ്ടാണിതെന്നും സർക്കാർ വാർത്താകുറിപ്പിൽ വിശദീകരിച്ചു. കെട്ടിടവും ഭൂമിയും ഉപാധിരഹിതമായി ഹോട്ടലിന് വിട്ടുകൊടുക്കുകയോ ഉടമാവകാശത്തിനായി കേസ് നൽകാമെന്ന വ്യവസ്ഥ നിലനിർത്തി വിട്ടുകൊടുക്കുകയോ വേണമെന്ന നിർദേശങ്ങളാണ് മന്ത്രിസഭക്ക് മുന്നിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അവതരിപ്പിച്ചത്.
മന്ത്രി എ.കെ. ബാലൻ പിന്താങ്ങി. ഉടമാവകാശം നിലനിർത്തുന്ന വ്യവസ്ഥയോടെയേ നൽകാവൂവെന്ന് പി. തിലോത്തമൻ, മാത്യു ടി. തോമസ്, ഡോ. തോമസ് െഎസക് എന്നിവർ നിലപാടെടുത്തു. അത് അംഗീകരിക്കുകയായിരുന്നു. മറ്റ് മന്ത്രിമാരൊന്നും അഭിപ്രായം പറഞ്ഞില്ല. ആദ്യം റവന്യൂ വകുപ്പാണ് ഇൗ വിഷയം ഉന്നയിച്ചത്. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടതായതിനാൽ അവരോട് പഠിച്ച് സമർപ്പിക്കാൻ നിർദേശിച്ചു.
നിരുപാധികം വിട്ടുനൽകുന്നതിനെ സി.പി.െഎ തുടക്കം മുതൽ എതിർത്തു. ഇനിയും ഉടമാവകാശത്തിനായി നിയമനടപടിക്ക് സാധ്യതയുണ്ടെന്ന അഭിപ്രായമാണ് റവന്യൂ വകുപ്പ് പ്രകടിപ്പിച്ചത്.
ഇക്കാര്യം വ്യക്തമാക്കി റവന്യൂ മന്ത്രി മന്ത്രിസഭക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ടൂറിസം വകുപ്പാണ് ഇപ്പോഴത്തെ നിർദേശം മന്ത്രിസഭയിൽ കൊണ്ടുവന്നത്. ഉടമാവകാശത്തിനായി സിവിൽ കേസ് നൽകണമെന്ന നിലപാടാണ് വി.എസും കൈക്കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.