ന്യൂഡൽഹി: റൺവേ വെട്ടിച്ചുരുക്കുന്ന നടപടിയിലേക്ക് പോകാതെ കോഴിക്കോട് വിമാനത്താവള വികസനത്തിന് തുടക്കം കുറിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ സഞ്ജീവ് കുമാർ വിമാനത്താവള ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു.
റൺവേ ചുരുക്കൽ നിർദേശം ഒഴിവാക്കി വിമാനത്താവള വികസനം യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് എയർപോർട്ട് അതോറിറ്റി. സംസ്ഥാന സർക്കാറുമായി ചർച്ച നടക്കുന്നുണ്ട്. ഡിസംബർ അവസാനത്തോടെ തടസ്സങ്ങൾ നീക്കി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് നിവേദനം നൽകിയ സമദാനിയെ ചെയർമാൻ അറിയിച്ചു.
കോഴിക്കോട് വിമാനത്താവളത്തിൽ റെസ വികസിപ്പിക്കുന്നതിനു വേണ്ടി റൺവേയുടെ നീളം വെട്ടിച്ചുരുക്കുന്ന നടപടിയിലേക്ക് ഒരിക്കലും പോകരുതെന്നാവശ്യപ്പെട്ടാണ് സമദാനി ഡൽഹിയിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാനെ കണ്ടത്. വിമാനത്താവള വികസനപ്രവർത്തനത്തെക്കുറിച്ച ആശങ്ക പരിഹരിക്കുന്ന വിധത്തിൽ ഔദ്യോഗിക നടപടികൾ പൂർത്തീകരിക്കണമെന്നും സാങ്കേതിക തടസ്സങ്ങളുടെ പേരിൽ വികസന പ്രവർത്തനം തടസ്സപ്പെടരുതെന്നും സമദാനി ആവശ്യപ്പെട്ടു. റൺവേ വെട്ടിച്ചുരുക്കാനുള്ള ആശയം എം.പിമാരടങ്ങുന്ന ജനപ്രതിനിധികളുടെയും സാമൂഹിക സംഘടനകളുടെയും ആവശ്യം മാനിച്ച് അധികൃതർ തന്നെ റദ്ദാക്കിയതാണ്.
വിമാനത്താവളത്തിന്റെ നിലനിൽപ്പിനും ക്ഷേമത്തിനും ഭാവി പുരോഗതിക്കും ഏറെ ഹാനികരമായ നിർദേശം വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രവാസികളടങ്ങുന്ന നിരവധി യാത്രക്കാരെയും ദോഷകരമായി ബാധിക്കും. അതുകൊണ്ട് സാങ്കേതിക തടസ്സങ്ങൾ നീക്കി വിമാനത്താവള വികസനം സാധ്യമാക്കാനാണ് എയർപോർട്ട് അതോറിറ്റി നടപടി സ്വീകരിക്കേണ്ടത്. മുടങ്ങിക്കിടക്കുന്ന വൻവിമാനങ്ങളുടെ സർവിസ് ഉടൻ പുനരാരംഭിക്കണമെന്ന നിരന്തര ആവശ്യം അനുവദിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളടങ്ങിയ നിവേദനവും എയർപോർട്ട് അതോറിറ്റി ചെയർമാന് സമർപ്പിച്ചു.
Photo: കോഴിക്കോട് വിമാനത്താവള റൺവേ വിഷയം ഉന്നയിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഡൽഹിയിൽ വിമാനത്താവള അതോറിറ്റി ചെയർമാൻ സഞ്ജീവ് കുമാറിന് നിവേദനം നൽകിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.