കോഴിക്കോട്: ബ്രഹ്‌മപുരത്ത് വിവാദത്തിലായ സോണ്ട ഇന്‍ഫ്രാടെകിനെ ഞെളിയന്‍പറമ്പിലെ വേസ്റ്റ് ടു എനര്‍ജി പദ്ധതിയുടെ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ കോഴിക്കോട് കോർപ്പറേഷൻ തീരുമാനിച്ചു. 2019ൽ ആണ് ഞെളിയന്‍പറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പദ്ധതി നടത്തിപ്പിനായി സോണ്ട കരാര്‍ ഏറ്റെടുത്തത്. എന്നാല്‍, ബയോ മൈനിങ്ങിന്റെ 60 ശതമാനം മാത്രമാണ് സോണ്ടക്ക് പൂര്‍ത്തിയാക്കാനായതെന്നാണ് കോർപ്പറേഷൻ വ്യക്തമാക്കുന്നത്.
കഴിഞ്ഞ നവംബറില്‍ സോണ്ടയുമായുള്ള കരാര്‍ അവസാനിക്കുകയും ചെയ്തു. ഇതോടെ കരാർ പുതുക്കി നല്‍കാന്‍ കമ്പനി വീണ്ടും കോര്‍പ്പറേഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പദ്ധതി ഇത്രയും വൈകിയ സാഹചര്യത്തില്‍ കരാര്‍ ഇനി പുതുക്കി നല്‍കേണ്ട എന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്റെ തീരുമാനം. പ്ലാസ്റ്റിക് കുന്നുകൂടുകയും കഴിഞ്ഞ ദിവസം ഞെളിയന്‍പറമ്പിൽ തീപിടിത്തം ഉണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സോണ്ടയുമായി മുന്നോട്ട് പോവാന്‍ ആവില്ലെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്.
ഏഴരക്കോടിയുടെ കരാറില്‍ ഇതുവരെ ഒന്നരക്കോടി രൂപ കമ്പനിക്ക് നല്‍കിയിട്ടുണ്ട്. പദ്ധതി പാതി വഴിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ബാക്കി തുക നല്‍കില്ലെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.
ഞെളിയന്‍ പറമ്പില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന വ്യവസായ കോര്‍പ്പറേഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സോണ്ട ഇന്‍ഫ്രാടെകുമായി 2019ൽ ആണ് കരാര്‍ ഒപ്പുവെച്ചത്. മലബാര്‍ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചായിരുന്നു സോണ്ടയുടെ കരാര്‍.
പ്രളയവും കോവിഡും ഇതിനുപുറമെ കമ്പനിക്ക് അനുമതി രേഖകള്‍ കിട്ടാന്‍ വൈകിയതും കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായില്ലെന്ന് പറഞ്ഞ് നാല് തവണ കരാർ പുതുക്കിയിരുന്നു. നിലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നേരിട്ടാണ് ഞെളിയന്‍പറമ്പില്‍ മാലിന്യ സംസ്‌കരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.