കോഴിക്കോട്: നഗരത്തിലെ ആശുപത്രിയിൽ രാത്രിയുണ്ടായ ആക്രമണത്തിൽ ഡോക്ടർക്ക് ഗുരുതര പരിക്ക്. മുതിർന്ന കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനാണ് (59) പരിക്കേറ്റത്. ബാങ്ക് റോഡിലെ ഫാത്തിമ ആശുപത്രിയിലാണ് രോഗിയുടെ ബന്ധുക്കളെന്ന് കരുതുന്നവർ ആക്രമണം നടത്തിയത്. ഇവിടെ ചികിത്സയിലിരുന്ന കുന്ദമംഗലം സ്വദേശിനിയുടെ ബന്ധുക്കൾ ആക്രമിച്ചതായാണ് പരാതി. ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു.
പൂർണ ഗർഭിണിയായ സ്ത്രീ കഴിഞ്ഞ ദിവസം പനി ബാധിച്ച് ആശുപത്രിയിലെത്തിയപ്പോൾ കുഞ്ഞിനെ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ സ്ത്രീയുടെ നില മെച്ചപ്പെട്ട് മുറിയിലേക്കു മാറ്റിയെങ്കിലും ബന്ധുക്കൾ ആശങ്കയറിയിച്ചപ്പോൾ സി.ടി സ്കാൻ ചെയ്തെന്നും അതിന്റെ റിപ്പോർട്ട് വൈകിയപ്പോൾ ആശുപത്രിയിൽ തർക്കമുണ്ടായെന്നുമാണ് പറയുന്നത്.
നഴ്സുമാരുടെ മുറിയുടെ ചില്ല് ചിലർ അടിച്ച് പൊട്ടിച്ചു. സ്ത്രീയെ മറ്റൊരു ആശുപത്രിക്ക് മാറ്റാൻ ശ്രമം നടത്തുന്നതിനിടെ രാത്രി എട്ടോടെ ഡോ. അശോകൻ ഏഴാം നിലയിലുള്ള രോഗിയുടെ മുറിയുടെ അടുത്തെത്തിയപ്പോൾ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഡോ. അശോകന്റെ ഭാര്യ ഡോ. അനിത അശോകനാണ് സ്ത്രീയെ ചികിത്സിച്ചിരുന്നത്.
ചില്ല് പൊട്ടിച്ചതറിഞ്ഞ് എത്തിയ പൊലീസ് സംഭവം അന്വേഷിക്കുന്നതിനിടെ ഡോക്ടറുടെ മുഖത്ത് ഇടിച്ചെന്നാണ് പരാതി. രക്തത്തിൽ കുളിച്ച് കുഴഞ്ഞുവീണ ഡോക്ടറെ പൊലീസ് ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, സ്ത്രീയുടെ സ്ഥിതി മോശമാണെന്നും സ്കാൻ റിപ്പോർട്ട് തന്നില്ലെന്നും വിവരങ്ങൾ മറച്ചുവെക്കുകയാണെന്നും ബന്ധുക്കൾ പരാതിപ്പെട്ടു. സ്ത്രീയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട്: ഡോക്ടറെ ആക്രമിച്ചവർക്കെതിരെ നടപടി വേണമെന്ന് ആശുപത്രിയിലെത്തിയ ഐ.എം.എ കോഴിക്കോട്, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ ഓണേഴ്സ് അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.