കോഴിക്കോട്: വെസ്റ്റ്ഹിൽ എം.ആർ.എഫ് മാലിന്യ സംസ്കരണ പ്ലാന്റിനെ്്റ പ്രവർത്തനം താളംതെറ്റിയതിന് കാരണം കോഴിക്കോട് നഗരസഭയുടെ കെടുകാര്യസ്ഥതയെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2023 ജൂൺ 21ന് ഓഡിറ്റും നഗരസഭ ഓവർസിയറും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ എം.സി.എഫ് യൂനിറ്റിൽ മാലിന്യം കുന്നുകൂടി പൊതു വഴിയിലേക്ക് ചിതറിക്കിടക്കുന്നതാണ് കണ്ടത്. മൂന്നു മാസം കൊണ്ട് മാത്രം, കരാർ വെക്കുന്നതിലെ കാലതാമസം കാരണം പ്ലാന്റിൽ 1,26,570 മാലിന്യങ്ങൾ പ്ലാൻ്റിൽ കുന്നു കൂടി. അതുപോലെ മാസം തോറും വാടകയിനത്തിൽ 51,000 രൂപ നഗര സഭയ്ക്ക് ലഭിച്ചു കൊണ്ടിരുന്നത് ഇല്ലാതായി.
സമയബന്ധിതമായി കരാർ പുതുക്കാത്തതിനാൽ 2.04 ലക്ഷം വാടകയിനത്തിൽ നഗരസഭക്ക് നഷ്ടമായി. 2021ലെ സർക്കാർ ഉത്തരവ് പ്രകാരം ഇത്തരത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ സ്വീകരിക്കുന്ന എം.സി.എഫ്- എം.ആർ.എഫ് യൂനിറ്റുകളിൽ തീപിടുത്തം പോലുള്ള അപകട സാധ്യതകളുണ്ടെന്നും ചൂണ്ടിക്കാണിച്ചിരുന്നു. തീപിടുത്ത സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട സുരക്ഷാ സജീകരണങ്ങളായി 250-500 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് ഫയർ എക്സ്റ്റിംഗ്യൂഷർ എന്നിങ്ങനെയുള്ള സംവിധാനം ഉറപ്പ് വരുത്തണം. എന്നാൽ ഇത്തരത്തിലുള്ള സംവിധാനമില്ലാതെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.
2021 ഫെബ്രുവരി 15 ലെ ഭരണസമിതി തിരുമാന പ്രകാരമാണ് നഗരസഭ വെസ്റ്റ്ഹിൽ എം.ആർ.എഫ് പ്ലാൻ്റ് പ്രവർത്തിപ്പിക്കുന്നതിന് കോഴിക്കോട് കോനാരീസ് അഡ്വാൻസ് പോളിമർ എന്ന സ്ഥാപനവുമായി ജൂലൈ ഒന്നിന് കരാർ ഒപ്പുവെച്ചത്. കരാർ പ്രകാരം സ്ട്രീറ്റ് സ്വീപ്പിങ്ങിന്റെ (തെരുവ് തൂത്തുവാരൽ) ഭാഗമായി പ്ലാൻ്റിൽ എത്തിക്കുന്നതും നിലവിൽ പ്ലാൻ്റിൽ കൂട്ടിയിട്ട മുഴവൻ പ്ലാസ്റ്റിക്, അജൈവ പാഴ്‌വസ്‌തുക്കൾ സ്വന്തം ചെലവിൽ വാഹനവും സ്വന്തം തൊഴിലാളികളെയും ഉപയോഗിച്ച് ശാസ്ത്രീയമായി തരം തിരിച്ചു നീക്കം ചെയ്യണമെന്നായിരുന്നു. ഇതിന് 1.50 രൂപ നിരക്കിൽ നഗരസഭ ഏജൻസിക്ക് നൽകണം.
റിസൈക്ലിങ് യൂനിറ്റിൻ്റെ വാടകയായി മാസം തോറും 51,000 രൂപയും ജി.എസ്.ടിയും കരാറുകാരൻ നഗരസഭക്ക് നൽകണം. മാലിന്യം (റിജെക്റ്റ്) ഒരു കാരണവശാലും പ്ലാൻ്റിൽ കുന്ന് കൂടിക്കിടക്കാൻ പാടില്ല. പ്ലാൻ്റ് പരിസരം വൃത്തിയായും ദുർഗന്ധമോ പൊടിപടലമോ ഇല്ലാതയും സൂക്ഷിക്കണമെന്നും കരാറിൽ രേഖപ്പെടുത്തി. പ്ലാസ്റ്റിക് തരം തിരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുന്ന സംവിധാനം വേണം. നഗരസഭ നേരിട്ടോ നഗരസഭ ഏൽപ്പിക്കുന്ന ഏജൻസികൾ വഴിയോ ശേഖരിക്കുന്ന മാലിന്യത്തിന്റെ കണക്ക് രേഖപ്പെടുത്തി റജിസ്റ്ററിൽ സൂക്ഷിക്കണം.
ഈ അളവിന്റെ അടിസ്ഥാനത്തിലാണ് കരാറുകാരന് നഗരസഭ പ്രതിഫലം അനുവദിക്കേണ്ടത്. പ്ലാൻ്റിൽ നിലവിലുള്ള മുഴുവൻ മാലിന്യങ്ങളും കരാർ ഒപ്പുവെച്ച തിയതി മുതൽ 10 ദിവസത്തിനുള്ളിൽ പൂർണമായും കരാറുകാരൻ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കണം. ശേഖരിക്കുന്ന അജൈവ പാഴ് വസ്‌തുക്കൾ ഏഴ് ദിവസത്തിനുള്ളിൽ സംസ്കരണത്തിനായി കൊണ്ട് പോകേണ്ടതാണ്. ഇത് പ്രകാരം പ്രവർത്തനം തുടങ്ങിയ കോനാരിസിന് 2022 ജൂലൈ ഒന്നിന് കരാർ അവസാനിച്ചതിനാൽ 2023മാർച്ച് 11 വരെ പുതുക്കി നൽകി.
എന്നാൽ അതിനു ശേഷം നഗരസഭ കരാർ പുതുക്കുകയോ മാലിന്യ സംസ്കരണത്തിനായി മറ്റ് സംവിധാനം സ്വീകരിക്കുകയോ ചെയ്‌തിട്ടില്ല. കരാർ പുതുക്കാത്ത കാലയാളവായ 2023 ഏപ്രിൽ ഒന്ന് മുതൽ ജൂലൈ ഒന്നുവരെ പ്ലാൻ്റിൽ 1,26,570 കിലോ സ്വീപ്പിങ് വേസ്റ്റ് (തെരുവ് തൂത്തുവാരൽ) ശേഖരിച്ചു. ഇത് സംസ്കരിച്ചില്ല. നഗരസഭയുടെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമായതെന്നാണ് ഓഡിറ്റ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.