പന്തീരാങ്കാവ്: കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ അതിര് നിർണയിച്ച് കല്ലിടൽ തുടങ്ങി. പാത തുടങ്ങുന്ന പന്തീരാങ്കാവ് കൂടത്തുംപാറയിൽനിന്നാണ് ബുധനാഴ്ച കല്ലിട്ട് തുടങ്ങിയത്. 600 മീ. ദൂരമാണ് ആദ്യ ദിവസം തിട്ടപ്പെടുത്തി കല്ലിട്ടത്. വരുംദിവസങ്ങളിലും അതിര് നിർണയിച്ച് കല്ലിടുന്ന പ്രവൃത്തി തുടരും. ജില്ലയിൽ ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലായി 6.48 കി.മീ. ദൂരമാണ് പാതക്കുള്ളത്.
വിജ്ഞാപനത്തിൽപെടാത്ത സർവേ നമ്പറിലെ സ്ഥലത്ത് അതിരിടുന്നതിനെതിരെ കഴിഞ്ഞ ദിവസം നാട്ടുകാർ പരാതി ഉയർത്തിയിരുന്നു. ഡെപ്യൂട്ടി കലക്ടർ പി.എസ്. ലാൽചന്ദിന്റെ നേതൃത്വത്തിൽ റവന്യൂ സംഘമെത്തി സ്ഥലം പരിശോധിച്ചാണ് കല്ലിടൽ നടത്തിയത്. ഉടമകളുടെ കൈവശമുള്ള സ്ഥലത്തിന്റെ ആധാരമടക്കമുള്ള രേഖകളിൽ സർവേ നമ്പർ തെറ്റായാണ് പലസ്ഥലത്തും രേഖപ്പെടുത്തിയത്. ഇത് ബോധ്യപ്പെടുത്തിയാണ് കല്ലിട്ടത്. തഹസിൽദാർ ദിനേഷ് കുമാർ, റവന്യൂ ഇൻസ്പെക്ടർ വി.ടി. ഉമേഷ്, അനിൽകുമാർ, ഇർഷാദ്, ശ്രീനാഥ്, റിയാസ് തായാട്ട് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.