കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കർഷകന്‍റെ മരണം: കോഴിക്കോട് പ്രതിഷേധം; ആംബുലൻസ് തടഞ്ഞു; പൊലീസുമായി വാക്കേറ്റം

കോഴിക്കോട്: കക്കയത്ത് കര്‍ഷകനെ കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി. അധികൃതര്‍ സ്ഥലത്ത് എത്താതെ മരിച്ച കര്‍ഷകന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

മൃതദേഹവുമായി പുറത്തേക്ക് വന്ന ആംബുലന്‍സ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൂടുതല്‍ പൊലീസും സ്ഥലത്തെത്തി. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഇറക്കാമെന്ന് ജില്ല കലക്ടർ ഉറപ്പുനൽകിയതായി പൊലീസ് കമീഷണർ അറിയിച്ചതോടെയാണ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.

രണ്ടു ദിവസമായി കക്കയം മേഖലയില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി കാട്ടുപോത്ത് ഇറങ്ങിയിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം. കര്‍ഷകൻ കൊല്ലപ്പെട്ടിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരും മെഡിക്കല്‍ കോളജില്‍ എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. കക്കയത്ത് പാലാട്ടിയിൽ എബ്രഹാം എന്ന അവറാച്ചനാണ് (68) മരിച്ചത്.

കശുവണ്ടി ശേഖരിക്കാൻ പോയ കർഷകനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കക്ഷത്തിൽ ആഴത്തിൽ കുത്തേറ്റ എബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് കക്കയം ടൗണിൽ നിന്നു നാല് കിലോമീറ്റർ മാറി കക്കയം ഡാം സൈറ്റ് റോഡരികിലെ കൃഷിയടത്തിൽ വെച്ച് അവറാച്ചനെ കാട്ടുപോത്ത് ആക്രമിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ അവറാച്ചൻ മെഡിക്കൽ കോളജ് അശുപത്രിയിൽ എത്തുന്നതിനു മുമ്പേ മരിച്ചതായാണ് വിവരം. കക്കയത്ത് നേരത്തെയും നിരവധി തവണ കാട്ടുപോത്ത് ആക്രമണം ഉണ്ടായിട്ടുണ്ട്. ഒരു മാസം മുമ്പാണ് വിനോദ സഞ്ചാരത്തിനെത്തിയ എറണാകുളം സ്വദേശികളായ രണ്ടുപേരെ കാട്ടുപോത്ത് ആക്രമിച്ചത്.

Tags:    
News Summary - Kozhikode protest; Ambulance stopped; Argument with the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.