കോഴിക്കോട് മേഖലതല അവലോകന യോഗം: അതിദാരിദ്ര്യ നിർമാർജന പട്ടികയിൽ അനർഹർ ഉൾപ്പെട്ടത് ഗൗരവതരം -മുഖ്യമന്ത്രി

കോഴിക്കോട്: അതിദാരിദ്ര്യ നിർമാർജന പട്ടികയിൽ കാസർകോട്ട് അനർഹരായ 400ലധികം പേരെ കണ്ടെത്തിയത് വളരെ ഗൗരവതരമായ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ കൃത്യമായ പരിശോധന സംവിധാനത്തിലൂടെയാണ് ആദ്യ പട്ടിക അംഗീകരിച്ചത്. പിന്നീട് കാസർകോട് നടത്തിയ പരിശോധനയിൽ അനർഹരുണ്ടെന്ന് കണ്ടെത്തി. അതിൽ തുടർപരിശോധനയും നടപടികളും വേണ്ടിവരുമെന്നും കോഴിക്കോട് മേഖലതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് ഭവന പദ്ധതിയിൽ എസ്.ടി വിഭാഗത്തിന് രണ്ടു ലക്ഷം രൂപ കൂടുതൽ കിട്ടുന്നത് ഇല്ലാതായത് അപേക്ഷ ക്ഷണിക്കുമ്പോൾ ഉണ്ടായ പ്രശ്നമാണെന്നാണ് കരുതുന്നത്. അത് ഗൗരവമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. കണ്ണൂർ കല്യാട്ട് ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാംഘട്ടം ജനുവരിയോടെ പൂർത്തീകരിക്കും. പലതിനും അനുമതി കൊടുക്കുന്നതിൽ സി.ആർ.ഇസെഡ് (തീരദേശ സംരക്ഷണ നിയമം) തടസ്സമായി മാറുന്നത് കലക്ടർമാർ ഇടപെട്ട് പരിഹരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ ഉദ്ദേശിച്ച വേഗത്തിൽ നടക്കാത്തത് മലബാർ ഭാഗത്താണെന്നത് ഗൗരവമായി കാണണം. കണ്ണൂർ, കാസർകോട് ജില്ലകളിലൂടെ ജലപാത വരണമെങ്കിൽ പുതിയ കനാലുകൾ വരണം. അതിന് ഭൂമി ഏറ്റെടുക്കാനാവശ്യമായ തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. വയനാട് തുരങ്കപാത സർക്കാറിന്‍റെ പ്രധാന പദ്ധതിയാണ്. അതിൽ സമയബന്ധിതമായി കാര്യങ്ങൾ നീക്കാൻ സാധിക്കും. കാസർകോട് ജില്ലയിൽ ദേശീയപാത വികസനത്തിൽ റെയിൽവേയുമായുള്ള പ്രശ്നം പരിഹരിക്കാൻ കലക്ടർ മുൻകൈയെടുക്കണം. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനഭൂമി ഏറ്റെടുക്കുന്ന പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ ഭരണ സംസ്കാരം രൂപവത്കരിക്കലാണ് മേഖലതല അവലോകന യോഗങ്ങളിലൂടെ ഉദ്ദേശിച്ചത്. കൃത്യമായ ഇടവേളകളിൽ ഈ സംവിധാനം തുടരും. സർക്കാർ ഇടപെടലുകളും തീരുമാനങ്ങളും ധാരാളം ജനങ്ങളെ ബാധിക്കുന്നതാണ്. ജനം വളരെ പ്രതീക്ഷയോടെയാണ് ഭരണനടപടികൾ നോക്കിക്കാണുന്നത്. അതിന് വേഗം കൂട്ടുക, സുതാര്യത ഉറപ്പുവരുത്തുക, ആളുകൾ ആഗ്രഹിക്കുന്ന രീതിയിൽ തീരുമാനങ്ങളിലേക്ക് വേഗം എത്താൻ പറ്റുക എന്നിവയാണ് ലക്ഷ്യം. ജനങ്ങളുടെ സംതൃപ്തിയാണ് സർക്കാർ ആഗ്രഹിക്കുന്നത്. അഴിമതി തീണ്ടാതിരിക്കണം. അത് എല്ലാ തലങ്ങളിലും ഉറപ്പുവരുത്താൻ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾക്കായി ചെറുവണ്ണൂർ മറീന കൺവെൻഷൻ സെന്ററിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, ജെ. ചിഞ്ചു റാണി, ആർ. ബിന്ദു, പി. പ്രസാദ്, പി. രാജീവ്, കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ജോർജ്, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, ജി.ആർ. അനിൽ, വി. അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡി.ജി.പി ഷെയ്ക്ക് ദർവേഷ് സാഹിബ്, അഡീഷനൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, പ്രിൻസിപ്പൽ ഡയറക്ടർമാർ, സെക്രട്ടറിമാർ, ജില്ല കലക്ടർമാരായ എ. ഗീത (കോഴിക്കോട്), എസ്. ചന്ദ്രശേഖർ (കണ്ണൂർ), ഡോ. രേണുരാജ് (വയനാട്), കെ. ഇമ്പശേഖരൻ (കാസർകോട്), മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

അവലോകന യോഗങ്ങൾ പൂർത്തിയായി

കോഴിക്കോട്: വികസന വിഷയങ്ങളിൽ താഴെതട്ടിൽ ചർച്ച നടത്തി പരിഹാരം കണ്ടെത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖലതല അവലോകന യോഗങ്ങൾ പൂർത്തിയായി. നാല് മേഖലകളിൽ അവസാനത്തേതാണ് വ്യാഴാഴ്ച കോഴിക്കോട്ട് ചെറുവണ്ണൂർ മറീന കൺവെൻഷൻ സെന്ററിൽ നടന്നത്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിവിധ വികസന പദ്ധതികൾക്ക് സമയബന്ധിത നിർവഹണം ഉറപ്പാക്കുന്നതിനാണ് യോഗം ചേർന്നത്.

ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, മാലിന്യമുക്ത കേരളം, ഹരിത കേരളം മിഷൻ, ദാരിദ്ര്യനിർമാർജനം, ലൈഫ് മിഷൻ, സമഗ്ര വിദ്യാഭ്യാസ പുനരുജ്ജീവന പരിപാടി, ജൽജീവൻ മിഷൻ, ആർദ്രം മിഷൻ, ഇൻറർനാഷനൽ റിസർച്ച് സെൻറർ ഫോർ ആയുർവേദ, കോവളം-ബേക്കൽ ഉൾനാടൻ ജലഗതാഗതം, നാല് ജില്ലകളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവ യോഗത്തിൽ ചർച്ചചെയ്തു. ഇവയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പരിഹാരമാർഗങ്ങൾ നിർദേശിച്ചു. വിവിധ വകുപ്പ് മേധാവികളാണ് വിഷയം അവതരിപ്പിച്ചു സംസാരിച്ചത്.

വ്യാഴാഴ്ച രാവിലെ 9.30 മുതൽ ഉച്ചവരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനം നടത്തി. ഉച്ചക്ക് ശേഷം പൊലീസ് ഓഫിസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്നങ്ങൾ അവലോകനം ചെയ്തു. അവലോകന യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം പ്രതിജ്ഞ ചൊല്ലി.

പുതിയ ഭരണ രീതിശാസ്ത്രം പ്രായോഗികമായി അവതരിപ്പിക്കുകയാണ് മേഖലതല അവലോകന യോഗങ്ങളിലൂടെ ചെയ്യുന്നതെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അതത് മേഖലകളിൽപോയി പരിശോധിക്കുകയും അതിന് പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന നൂതന സംവിധാനമാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ ഉൾപ്പെടുത്തി തിരുവനന്തപുരം ജില്ലയിലായിരുന്നു ആദ്യ അവലോകന യോഗം. സെപ്റ്റംബർ 28ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലതല അവലോകന യോഗം തൃശൂരിലും ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗം എറണാകുളത്തുമാണ് സംഘടിപ്പിച്ചത്.

Tags:    
News Summary - Kozhikode Regional Review Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.