മണ്ഡലം സ്ഥിതിവിവരം
കോഴിക്കോട് കോർപറേഷൻ 22, 23 വാർഡും 26 മുതൽ 39 വരെ വാർഡും 54 മുതൽ 61 വരെ വാർഡും ഉൾപ്പെട്ടതാണ് സൗത്ത് മണ്ഡലം. ഇതോടൊപ്പം 19, 25 വാർഡുകളുടെ ഒരുഭാഗവും ഉൾപ്പെടുന്നു.
എം.എൽ.എമാർ ഇതുവരെ
1957 പി. കുമാരൻ
1960 പി. കുമാരൻ
1965 പി.എം. അബൂബക്കർ
1967 പി.എം. അബൂബക്കർ
1970 കൽപള്ളി മാധവമേനോൻ
1977 പി.എം. അബൂബക്കർ
1980 പി.എം. അബൂബക്കർ
1982 പി.എം. അബൂബക്കർ
1987 സി.പി. കുഞ്ഞു
1991 ഡോ. എം.കെ. മുനീർ
1996 എളമരം കരീം
2001 ടി.പി.എം. സാഹിർ
2006 പി.എം.എ. സലാം
2011 ഡോ. എം.കെ. മുനീർ
2016 ഡോ. എം.കെ. മുനീർ
കോഴിക്കോട്: 30 കൊല്ലത്തോളം കോഴിക്കോട് സൗത്തിൽ ജയിക്കുന്ന മുന്നണി കേരളം ഭരിക്കുമെന്നായിരുന്നു സ്ഥിതി. ഭരണകക്ഷിയുടെ എം.എൽ.എയെ മാത്രം ജയിപ്പിച്ചിരുന്ന മണ്ഡലം സ്വഭാവം മാറ്റിയത് കഴിഞ്ഞ തവണയാണ്. ചരിത്രം മാറ്റിയെഴുതി ഡോ. എം.കെ. മുനീറിെൻറ കോഴിക്കോട് സൗത്തിലെ വീണ്ടുമുള്ള വിജയം യു.ഡി.എഫിനും മുസ്ലിം ലീഗിനും ജില്ലയിൽ ആശ്വാസത്തണലേകി.
'വളരണം ഈ നാട്, തുടരണം ഈ ഭരണം', 'നല്ല കോഴിക്കോട്ടുകാരൻ' എന്നീ മുദ്രാവാക്യങ്ങളുയർത്തി പ്രചാരണം നടത്തിയ ജില്ലയുടെ അന്നത്തെ ഏക മന്ത്രിയായിരുന്ന മുനീറിനെ തന്നെ ജയിപ്പിച്ചുകൊണ്ടായിരുന്നു ജനവിധി. ഐ.എൻ.എൽ നേതാവ് എ.പി. അബ്ദുൽ വഹാബിനെതിരായ ജയം ജില്ലയിൽ 11 ഇടത്തും തോറ്റ യു.ഡി.എഫിെൻറ കച്ചിത്തുരുത്തായിരുന്നു.
ഇടത് തരംഗത്തിലും അന്ന് യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലം പക്ഷേ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പതിവുപോലെ കളംമാറി എൽ.ഡി.എഫിനൊപ്പമായി. ലീഗിന് സ്വാധീനമുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ ലീഗ് വിരുദ്ധരായി വരുന്നവരെ തുണക്കാൻ മടിക്കാത്തതാണ് മണ്ഡലത്തിെൻറ പാരമ്പര്യം. മുസ്ലിം ലീഗും അഖിലേന്ത്യാ ലീഗും ഇന്ത്യൻ നാഷനൽ ലീഗുമെല്ലാമായിരുന്ന മുൻ മന്ത്രി പി.എം. അബൂബക്കറിനെ അഞ്ചു തവണ ജയിപ്പിച്ച മണ്ഡലമാണിത്.
1957ൽ സ്വതന്ത്ര സ്ഥാനാർഥി ഇ. ജനാർദനനെ 7375 വോട്ടിന് തോൽപിച്ച് പി. കുമാരൻ ആദ്യ എം.എൽ.എയായപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി മൂന്നാമതായിരുന്നു. 1965ൽ മുസ്ലിം ലീഗ് സ്വതന്ത്രനായ പി.എം. അബൂബക്കർ കോൺഗ്രസിെൻറ കെ.പി. രാമുണ്ണി മേനോനെ 8904 വോട്ടിനാണ് തോൽപിച്ചത്. സി.പി.എം പിന്തുണയോടെയായിരുന്നു ജയം.1967ൽ സപ്തകക്ഷി മുന്നണി സ്ഥാനാർഥിയായായിരുന്നു പി.എമ്മിെൻറ രണ്ടാം വരവ്. കോൺഗ്രസിലെ പി. സുബൈറിനെ തോൽപിച്ചത് 10,556 വോട്ടിന്.
1970ൽ കോൺഗ്രസിലെ കൽപള്ളി മാധവമേനോൻ 3143 വോട്ടിന് അബൂബക്കറിനെ തോൽപിച്ചു. 1977ലും 1980ലും 1982ലും പി.എം. അബൂബക്കർ അഖിലേന്ത്യാ മുസ്ലിം ലീഗിെൻറ എം.എൽ.എയായി. 1977ൽ ലീഗിലെ എസ്.വി. ഉസ്മാൻ കോയയെ 1098 വോട്ടിനും 1980ൽ ജനത പാർട്ടിയുടെ സി.കെ. നാണുവിനെ 5229 വോട്ടിനും 1982ൽ കോൺഗ്രസിലെ എൻ.പി. മൊയ്തീനെ 5954 വോട്ടിനുമാണ് പി.എം. അബൂബക്കർ തോൽപിച്ചത്. 1987ൽ സി.പി.എമ്മിെൻറ സി.പി. കുഞ്ഞു 2277 വോട്ടിന് ലീഗിലെ കെ.കെ. മുഹമ്മദിനെ തോൽപിച്ചു. എന്നാൽ, 1991ൽ കുഞ്ഞുവിനെ 3883 വോട്ടിന് തോൽപിച്ച് എം.കെ. മുനീർ മണ്ഡലം തിരിച്ചുപിടിച്ചു.
1996ൽ ലീഗിെൻറ വനിത നേതാവ് ഖമറുന്നിസ അൻവറിനെ എളമരം കരീം 8766 വോട്ടിനാണ് തോൽപിച്ചത്. എന്നാൽ, 2001ൽ കരീമിന് പരാജയമറിയേണ്ടിവന്നു. 787 വോട്ടിനാണ് കരീം, ലീഗിലെ ടി.പി.എം. സാഹിറിനോട് തോറ്റത്.
2006ൽ സിറ്റിങ് എം.എൽ.എ സാഹിറിനെതിരെ ഐ.എൻ.എൽ കുപ്പായമിട്ട് വന്ന പി.എം.എ. സലാമിനായിരുന്നു ജയം. അഞ്ചുകൊല്ലം തീരുമ്പോഴേക്ക് സലാം ലീഗിൽ തിരിച്ചെത്തുകയും ചെയ്തു. 91ൽ എം.എൽ.എയായിരുന്ന സി.പി. കുഞ്ഞുവിനെ തോൽപിച്ച എം.കെ. മുനീറിനെ തളക്കാൻ കുഞ്ഞുവിെൻറ മകനും ഇപ്പോഴത്തെ െഡപ്യൂട്ടി മേയറുമായ സി.പി. മുസാഫർ അഹമ്മദ് അങ്കക്കളത്തിലിറങ്ങിയെങ്കിലും മുനീർ 1376 വോട്ടിന് മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.