തിരുവനന്തപുരം: കോഴിക്കോട് സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എം.ടി സ്മാരകമാക്കാന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ബജറ്റിൽ തീരുമാനം. എം.ടിയുടെ സ്മരണാര്‍ഥം സ്റ്റേറ്റ് ലൈബ്രറിയുടെ മുന്‍വശത്ത് എം.ടി. സ്ക്വയര്‍ ഒരുക്കും. എം.ടിയുടെ വെങ്കല ശില്പം സ്ഥാപിക്കാനും ലൈബ്രറി കൗണ്‍സിലിന്റെ 2025-26ലെ ബജറ്റില്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ലൈബ്രറി എം.ടി. സ്മാരകമായി നവീകരിക്കുന്നതിന് 50 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
വെങ്കല പ്രതിമ സ്ഥാപിക്കുന്നതിനുള്ള 50 ലക്ഷം രൂപ ഗ്രന്ഥശാലാ പ്രവര്‍ത്തകരില്‍നിന്ന് കണ്ടെത്തണമെന്നും ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക ഇടപെടല്‍ സജീവമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള 2025-26 വര്‍ഷത്തെ ബജറ്റ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പാസാക്കി. 107.60 രൂപയോളം വരവും അത്രതന്നെ തുകയുടെ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ലഹരി നിര്‍മാര്‍ജനത്തിനായി ഗ്രന്ഥശാല തലത്തില്‍ പ്രചാരണം നടത്തുന്നതിന് അമൃതം ഗമയ, കാഴ്ച പരിമിത വിദ്യാര്‍ഥികള്‍ക്കായി ബ്രയ്ലി-ശ്രവ്യ വായനോത്സവം, വിജ്ഞാന വ്യാപനത്തിന്റെ സാധ്യതകളറിയിക്കുന്നതിന് പഞ്ചായത്ത്, സംസ്ഥാനതല ജാഥകള്‍ തുടങ്ങിയവയാണ് ബജറ്റില്‍ മുന്നോട്ടുവെച്ചിട്ടുള്ള പ്രധാന പദ്ധതികള്‍.
ഈ വര്‍ഷം മൂന്നു ലക്ഷം വീടുകളിലേക്ക് പുസ്തകമെത്തിക്കാന്‍ ലക്ഷ്യമിടുന്ന വായനവസന്തം പദ്ധതിയുടെ ഭാഗമായി 'വീട്ടിലേക്ക് ഒരു പുസ്തകം' എന്ന പരിപാടി ഏറ്റെടുക്കുന്ന ലൈബ്രേറിയന്മാര്ക്ക് പ്രതിമാസം 900 രൂപ സ്പെഷല്‍ അലവന്‍സ് നല്‍കാനും നിര്‍ദേശമുണ്ട്. ലൈബ്രറി പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ്, വേനലവധിക്കാലത്ത് കുട്ടികള്‍ക്ക് മലയാളം പഠനത്തിനായി വായന കളരി, ഡിജിറ്റല്‍ മീഡിയ കാമ്പയിന്, ആധുനീകരണം എന്നിവക്കായും ബജറ്റില്‍ പ്രത്യേകമായി തുക മാറ്റിവെച്ചിട്ടുണ്ട്.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന് ബജറ്റ് അവതരിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.