എ.കെ.ജി സെന്‍ററിലെത്തിയ കെ.പി. അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൾ അണിയിക്കുന്നു

കോൺഗ്രസ് വിട്ട കെ.പി അനിൽകുമാർ സി.പി.എമ്മിൽ ചേർന്നു

തിരുവനന്തപുരം: കോൺഗ്രസ് വിട്ട കെ.പി. അനിൽകുമാർ സി.പി.എമ്മിൽ ചേർന്നു. കോൺഗ്രസിൽനിന്ന് രാജി പ്രഖ്യാപിച്ചതിന് പിന്നാലെ കെ.പി. അനിൽകുമാർ സി.പി.‍എം ആസ്ഥാനമായ എ.കെ.ജി സെന്‍ററിലെത്തുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഉപാധികളില്ലാതെയാണ് സി.പി.എമ്മിലെത്തുന്നതെന്ന് അനിൽകുമാർ പറഞ്ഞു. താഴെത്തട്ടിൽ വരെ പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാറിന്റെ മനസുള്ള സുധാകരനാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇങ്ങനെയുള്ള ഒരാള്‍ പാര്‍ട്ടിതലപ്പത്ത് ഇരിക്കുമ്പോള്‍ എങ്ങനെയാണ് കോണ്‍ഗ്രസിനകത്ത് മതേതരത്വവും ജനാധിപത്യവും ഉണ്ടാവുകയെന്ന് അനില്‍ കുമാര്‍ ചോദിച്ചു.

Full View

അച്ചടക്കലംഘനം സംബന്ധിച്ച് നിരുത്തരവാദപരമായ മറുപടിയാണ് കെ.പി അനിൽകുമാർ നൽകിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പറഞ്ഞു. അനിൽകുമാറിനെ പുറത്താക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും സുധാകരൻ അറിയിച്ചു. 

ഇന്ന് 11 മണിക്ക് നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ.പി അനിൽകുമാർ കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സിസി പ്രസിഡന്‍റ് കെ. സുധാകരനും രാജിക്കത്ത് അയച്ചു നൽകിയതായി കെ.പി അനിൽകുമാർ അറിയിച്ചു. പാർട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ ഞാൻ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനിൽകുമാർ രാജി പ്രഖ്യാപിച്ചത്. 

രമേശ് ചെന്നിത്തല പ്രസിഡന്റായപ്പോള്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നാല് പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 2021 കൊയിലാണ്ടിയില്‍ താനാണ് സ്ഥാനാര്‍ഥിയാവുകയെന്ന വ്യാപകപ്രചാരണം ഉണ്ടായിരുന്നു. സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടിക്കെതിരെ താന്‍ എന്തെങ്കിലും പറഞ്ഞോ? മത്സരിക്കാനാഗ്രഹിച്ച സമയത്ത് സീറ്റ് നിഷേധിച്ചിട്ടും പാര്‍ട്ടിക്കെതിരെ നിന്നിട്ടില്ല. ഇപ്പോള്‍ തികച്ചും ഏകാധിപത്യപരമായ പ്രവണതയാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. ഒരു വിശദീകരണവും ചോദിക്കാതെയാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന്  സസ്‌പെന്റ് ചെയ്തത്.

29ാം തീയതിയാണ് 28 ാംതീയതി പുറത്താക്കിയെന്ന് പറഞ്ഞ് ഇമെയില്‍ കിട്ടിയത്. ഏഴ് ദിവസത്തിനകം വിശദീകരണം കൊടുക്കണമെന്ന് പറഞ്ഞിട്ട് ആറാം ദിവസം കൊടുത്തു. അതിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് ഒന്നും പറയാന്‍ നേതൃത്വം തയാറായിട്ടില്ല. പുതിയ നേതൃത്വം വന്ന ശേഷം ആളുകളെ നോക്കി നീതിനടപ്പാക്കുന്ന സാഹചര്യത്തിലാണ് താന്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്. ഇതോടെ 43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് കെ.പി അനില്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെ.പി. അനില്‍ കുമാറിനെ പുറത്താക്കി -കെ. സുധാകരൻ

അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെ.പി. അനില്‍കുമാറിന്‍റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന്​ പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എം.പി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ ഉന്നത പദവികള്‍ വഹിച്ച വ്യക്തിയാണ് അനില്‍കുമാര്‍. ഉത്തരവാദിത്തവും കടപ്പാടും പാര്‍ട്ടിയോട് കാണിക്കാന്‍ ബാധ്യതപ്പെട്ട കെ.പി. അനില്‍കുമാറിനെപ്പോലുള്ള നേതാവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ നിരുത്തരവാദപരമായ പ്രതികരണം ഗുരുതര അച്ചടക്ക ലംഘനമായിട്ടാണ് കാണുന്നത്. അദ്ദേഹത്തെ പുറത്താക്കാനിരുന്നപ്പോഴാണ് രാജിവെച്ചത്.

ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ്​ പദവിയുമായി ബന്ധപ്പെട്ട് അനില്‍കുമാറിന് നിരാശാബോധം ബാധിച്ചിരുന്നു. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ്​ പദവി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത്തരം ഒരു ആവശ്യം പാര്‍ട്ടി ഘടകങ്ങളില്‍നിന്നോ നേതാക്കളില്‍നിന്നോ ഉയന്നുവന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാട് തന്നെയാണ് ത​േന്‍റതെന്നും ഇക്കാര്യം എ.ഐ.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - KP Anilkumar leaves Congress and joins CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.