പാൽപായസം സെപ്റ്റിക്ക് ടാങ്കിൽ വിളമ്പുന്നതിന് തുല്യം -'മീശ'ക്ക് വയലാർ അവാർഡ് നൽകിയതിനെതിരെ ശശികല

തിരുവനന്തപുരം: എസ്. ഹരീഷിന്‍റെ 'മീശ' നോവലിന് വയലാർ അവാർഡ് നൽകിയതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല രംഗത്ത്. വയലാർ അവാർഡ് നിർണയക്കമ്മിറ്റി അപമാനിച്ചത് ഹിന്ദുക്കളെയല്ല മറിച്ച് വയലാറിനെയും മലയാളത്തിലെ എഴുത്തുകാരെ ഒന്നടങ്കമാണെന്നും ശശികല പറഞ്ഞു.

വയലാറിന്റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്റെ സ്വീകരണമുറിയിൽ കൊണ്ടു വെക്കുന്നത് പാൽപായസം സെപ്റ്റിക്ക് ടാങ്കിൽ വിളമ്പുന്നതിന് തുല്യമാണ്. മൂന്നാംകിട അശ്ലീല നോവലിനെ അവാർഡിന് തെരഞ്ഞെടുത്തതിലൂടെ മലയാളത്തിലെ മറ്റെഴുത്തുകാരെല്ലാം അതിലും മോശക്കാരാണെന്ന ധ്വനി സൃഷ്ടിക്കുന്നു. ഹിന്ദുവിരുദ്ധതക്ക് സമ്മാനം കൊടുക്കണമെങ്കിൽ ആകാം, പക്ഷേ അത് വയലാറിന്റെ പേരിൽ ആകരുതായിരുന്നെന്നും ഈ നടപടി പ്രതിഷേധാർഹമാണെന്നും ശശികല പ്രസ്താവനയിൽ പറഞ്ഞു.

ഏറെ വിവാദം സൃഷ്ടിച്ചതാണ് 'മീശ' നോവൽ. നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണത്തിന്റെ ചിലഭാഗങ്ങൾ ചില കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ഹിന്ദുവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകൾ രംഗത്ത് വരികയായിരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'മീശ' നോവൽ എതിർപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു. പിന്നീട് ഡി.സി. ബുക്സ് ആണ് നോവൽ പ്രസിദ്ധീകരിച്ചു. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതിന് എതിരെയും ഹിന്ദു സംഘടനകൾ പ്രതിഷേധിക്കുകയും പുസ്തകം കത്തിക്കുകയും ചെയ്തിരുന്നു.

അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദലിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുകയാണ് മീശയിൽ. കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള 2019 ലെ പുരസ്‌കാരം മീശക്ക് ലഭിച്ചിരുന്നു. മീശയുടെ ഇംഗ്ലീഷ് പരിഭാഷക്ക് ജെ.സി.ബി പുരസ്കാരം ലഭിച്ചിരുന്നു.

Tags:    
News Summary - kp sasikala criticize vayalar award for meesha novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.