courtesy: gettyimages

തരൂരിനെതിരായ വിമർശനം: കൊടിക്കുന്നിലിന് താക്കീത്, പരസ്യ പ്രസ്​താവനക്ക് വിലക്ക്

തിരുവനന്തപുരം: കോൺഗ്രസ്​ നേതാവ്​ ശശി തരൂരിനെതിരായ പരാമർശത്തിൽ കൊടിക്കുന്നില്‍ സുരേഷ്​ എം.പിക്ക്​ താക്കീതും പരസ്യ പ്രസ്​താവനക്ക് വിലക്കുമേര്‍പ്പെടുത്തി കെ.പി.സി.സി. പാര്‍ട്ടിയിലെ പ്രശ്​നം മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതിനാണ് സംസ്ഥാന നേതൃത്വം താക്കീത് ചെയ്​ത്. തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്​താവന വേണ്ടെന്നും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതില്‍ സംസ്ഥാനത്തെ രണ്ട് നേതാക്കള്‍ ഉള്‍പ്പെട്ട സംഭവം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്​തിരുന്നു. കത്ത് പരസ്യമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന പി.ജെ. കുര്യൻെറ വിശദീകരണം അംഗീകരിച്ച രാഷ്ട്രീകാര്യ സമിതി, ശശി തരൂരിൻെറ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്​തു.

വിഷയം പരസ്യ ചര്‍ച്ചയാക്കി പാര്‍ട്ടിയുടെ പ്രതിച്​ഛായ നഷ്​ടപ്പെടുത്തുകയോ കോണ്‍ഗ്രസിൻെറയും യു.ഡി.എഫിൻെറയും രാഷ്ട്രീയ സാഹചര്യത്തെ പ്രതികൂലമാക്കുകയോ ചെയ്യരുതെന്നായിരുന്നു രാഷ്ട്രീയകാര്യ സമിതിയിലെ ധാരണ.

ഇതിനിടെയാണ് രൂക്ഷമായ ഭാഷയില്‍ ശശി തരൂർ എം.പിയെ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചത്. തരൂർ പാർട്ടിയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണ്​. ഗസ്​റ്റ്​ ആർട്ടിസ്​റ്റായ അദ്ദേഹത്തിന്​ രാഷ്​ട്രീയ പക്വതയില്ല. വിശ്വപൗരനായത്​ കൊണ്ട്​ തരൂരിന്​ എന്തും പറയാമെന്ന്​ കരുതേണ്ട. അദ്ദേഹം രാഷ്​ട്രീയക്കാരനല്ലെന്നുമായിരുന്നു കൊടിക്കുന്നിൽ സുരേഷ്​ പറഞ്ഞത്​.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ്​ വന്നത്​. ഇതോടെ പാര്‍ട്ടിയിലെ തര്‍ക്കം മാധ്യമങ്ങളിൽ ചര്‍ച്ചയായി മാറി. ഇതിലേക്ക് വഴിവെച്ചതിനാണ് കൊടിക്കുന്നിലിനെ സംസ്ഥാന നേതൃത്വം താക്കീത് നല്‍കിയത്.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാതെ പരസ്യ പ്രസ്​താവനകള്‍ നടത്തി സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കരുതെന്ന സന്ദേശം കര്‍ശന ഭാഷയില്‍ കൊടിക്കുന്നിലിന് കൈമാറിയെന്നാണ് സൂചന. ഇതിന് പിന്നാലെ, പാര്‍ട്ടിയെ തകര്‍ക്കുന്ന പടപ്പുറപ്പാടിൻെറ ഭാഗമാവില്ലെന്ന്​ ഫേസ്​ബുക്കിൽ കുറിച്ച പോസ്​റ്റിൽ കൊടിക്കുന്നിൽ വ്യക്​തമാക്കി. വിമർശിക്കുമ്പോഴും തിരുത്തുമ്പോഴും ഇന്നുവരെയും പാർട്ടിക്ക് വിധേയനായല്ലാതെ പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.