തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ജില്ല തലം വരെയുള്ള പുനഃസംഘടനക്കുള്ള പട്ടികകൾ ഈമാസം അഞ്ചിനകം കൈമാറണമെന്ന് കെ.പി.സി.സി നേതൃത്വം. അതിന് തയാറാകുന്നില്ലെങ്കിൽ കെ.പി.സി.സി നേരിട്ട് പട്ടിക തയാറാക്കി പത്തിനകം അന്തിമപട്ടിക പുറത്തിറക്കുമെന്നും പ്രസിഡന്റ് കെ. സുധാകരൻ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. എല്ലായിടത്തും ഭാരവാഹികളാക്കാൻ കഴിയുന്നവരുടെ പട്ടികയൊക്കെ കെ.പി.സി.സിയുടെ പക്കലുണ്ടെന്നാണ് സുധാകരന്‍റെ മുന്നറിയിപ്പ്.
ഫെബ്രുവരി നാലിനകം ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക കൈമാറാനാണ് കെ.പി.സി.സി ആദ്യം നിർദേശിച്ചിരുന്നത്. പിന്നീട് 18ന് മുമ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽനിന്ന് ഇതേവരെ പട്ടിക കെ.പി.സി.സിക്ക് ലഭിച്ചിട്ടില്ല. പുതിയ കെ.പി.സി.സി അംഗങ്ങളെ സംബന്ധിച്ച് ഗ്രൂപ് നേതൃത്വങ്ങൾ തർക്കം ഉയർത്തിയതോടെ പാർട്ടി പുനഃസംഘടനയെയും അത് ബാധിക്കുമെന്ന നിലയായ പശ്ചാത്തലത്തിലാണ് സുധാകരൻ നിലപാട് കടുപ്പിച്ചത്.
ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജന.സെക്രട്ടറിമാരും ഡി.സി.സി പ്രസിഡന്റുമാരും എത്രയുംവേഗം ജില്ലതല പുനഃസംഘടന സമിതികളുടെ യോഗം വിളിച്ചുചേർത്ത് ഭാരവാഹിപട്ടിക അന്തിമമാക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.