99ാം പിറന്നാൾദിനത്തിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഗൗരിയമ്മ ഈ ബോംബ് പൊട്ടിച്ചത് - 'ഞാന്‍ ഒരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല' എന്ന് അവർ തുറന്നടിച്ചു. താൻ മുഖ്യമന്ത്രിയാകുമെന്ന് വരെ പറഞ്ഞുകേട്ട 1987ലെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ നീക്കങ്ങളാണ് ഗൗരിയമ്മയെ കൊണ്ട് ഇത് പറഞ്ഞത്. ആ തെരഞ്ഞെടുപ്പിൽ ഗൗരിയമ്മയെ മുന്നിൽനിര്‍ത്തിയായിരുന്നു ഇടതുപക്ഷത്തിന്‍റെ പ്രചാരണം എന്നുതന്നെ പറയാം. എന്നാൽ, അധികാരത്തിലെത്തിയപ്പോൾ ഇ.എം.എസ് പിന്നാക്ക ജാതിക്കാരിയായതുകൊണ്ട് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നു എന്ന് ഗൗരിയമ്മ പറഞ്ഞത് ഏറെ വിവാദമായിരുന്നു. വീട്ടില്‍ ഉറങ്ങിക്കിടന്ന നായനാരെ വിളിച്ചുവരുത്തി മുഖ്യമന്ത്രിയാക്കിയതിന് ഇ.എം.എസിെൻറ ഉള്ളിലെ ജാതിക്കുശുമ്പായിരുന്നു കാരണമെന്നും അവർ ആരോപിച്ചു.
ഗൗരിയമ്മയുടെ ഇത്തരം ചില പ്രയോഗങ്ങൾ എന്നും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കകാലത്ത് കൊടിയ പൊലീസ് മർദനങ്ങൾക്ക് ഇരയായപ്പോൾ നടത്തിയ ഒരു പരാമർശമാണ് അതിൽ ഏറ്റവും പ്രസിദ്ധം. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനമധ്യത്തിലേക്കിറങ്ങിയ ഗൗരിയമ്മ 1946ലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നത്. തൊഴിലാളി - കർഷക പ്രസ്ഥാനങ്ങളിൽ സജീവമായ ഗൗരിയമ്മ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചു. കൊടിയ പൊലീസ് മർദനങ്ങൾക്കിരയായ ഗൗരിയമ്മ പറഞ്ഞത് 'ലാത്തികൾക്ക് ബീജമുണ്ടായിരുന്നെങ്കിൽ ഞാൻ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിച്ചേനെ' എന്നായിരുന്നു. ഈ പരാമർശം അക്കാലത്തെ ലോക്കപ്പ് മർദനത്തെക്കുറിച്ച ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായിരുന്നു.
ആത്മകഥയിൽ ഉൾപ്പെടുത്താത്ത 1948ലെ ഒരു സംഭവം പിന്നീട് ഗൗരിയമ്മ വെളിപ്പെടുത്തിയതും വാർത്തയായി. എ.കെ. ഗോപാലൻ തന്നെ കല്യാണമാലോചിച്ചിരുന്നു എന്നതാണത്. ഗൗരിയമ്മ അന്നു ചേർത്തലയിൽ വക്കീലായി പ്രാക്ടീസ് ചെയ്യുകയാണ്. എ.കെ.ജി ജയിലിൽ നിന്നിറങ്ങിയ കാലം. അദ്ദേഹം വയലാറിൽ വെടിവയ്പു നടന്ന പ്രദേശം കാണാൻ പോയപ്പോൾ ഗൗരിയമ്മയും കൂടെപ്പോയി. തിരിച്ചു വരുമ്പോഴാണ് എ.കെ.ജി വിവാഹം കഴിച്ചാൽ കൊള്ളാമെന്ന ആഗ്രഹം പറഞ്ഞത്. പക്ഷേ, ഗൗരിയമ്മ സമ്മതിച്ചില്ല. അതുകഴിഞ്ഞ് അദ്ദേഹം സുശീലയെ വിവാഹം കഴിച്ചു.
നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ നിയമസഭ ഹാളിൽ നടന്ന മുൻ സാമാജികരുടെ ഒത്തുചേരലിലും ഗൗരിയമ്മ ഒരു ചിരിവെടി പൊട്ടിച്ചു. സ്ത്രീകൾ നേരിടുന്ന ദുരിതത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് ഗൗരിയമ്മ പറഞ്ഞത് ചിരി പടർത്തി. 'വിജയൻ ഒന്ന് സാരിയും ചുറ്റി പുറത്തിറങ്ങണം, അപ്പോഴറിയാം സ്ത്രീകൾ നേരിടുന്ന ദുരിതം. പെണ്ണുങ്ങൾക്ക് വഴിയിലിറങ്ങാനാകാത്ത സ്ഥിതിയാണിപ്പോൾ'- ഗൗരിയമ്മയുടെ വാക്കുകൾ കേട്ട് സദസ്സ് ആദ്യമൊന്ന് അമ്പരന്നെങ്കിലും പൊട്ടിച്ചിരിയായിരുന്നു പിന്നെ.
ഗൗരിയമ്മ സി.പി.എമ്മിൽനിന്നും പുറത്താക്കപ്പെട്ടതിെൻറ തൊട്ടടുത്ത ദിവസങ്ങളിലൊന്നിൽ ബി.എസ്.പി സ്ഥാപക നേതാവും രാജ്യത്തെ ദലിത്-പിന്നാക്ക രാഷ്ട്രീയത്തിെൻറ ആചാര്യനുമായ കാൻഷി റാം അവരെ സന്ദർശിക്കാനെത്തിയിരുന്നു. കാൻഷി റാം ഗൗരിയമ്മയുടെ ചാത്തനാെട്ട വീട്ടിലെത്തിയപ്പോൾ അവർ അവിടെയില്ല. കൈനകരിയിൽ ഒരു യോഗത്തിൽ പെങ്കടുക്കാൻ പോയിരിക്കുകയാണ്. എല്ലാവരുടെയും കാത്തിരിപ്പിന് വിരാമിട്ട് ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ഗൗരിയമ്മ എത്തിയത്. കാൻഷി റാമുമായി സംസാരം തുടങ്ങിയപ്പോൾ തന്നെ ശരംപോലെ ഗൗരിയമ്മയുടെ ചോദ്യമെത്തി- 'നിങ്ങളെ കണ്ടിട്ട് പട്ടികജാതിക്കാരനാെണന്ന് തോന്നുന്നില്ലല്ലോ'. അപ്രതീക്ഷിതമായ ഈ ചോദ്യം കാൻഷിറാം അടക്കം എല്ലാവരെയും ഞെട്ടിച്ചു. കാൻഷിറാമിൽ നിന്ന് മറുപടിയായി ഒരു പുഞ്ചിരി മാത്രമാണുണ്ടായത്. പിന്നീട് സജീവമായ രാഷ്ട്രീയ ചർച്ച നടത്തിയ കാൻഷിറാം ദേശീയ രാഷ്ട്രീയത്തിലേക്ക് ഗൗരിയമ്മയെ ക്ഷണിച്ചെങ്കലും അവർ നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.