കോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യബാച്ചിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾ അഞ്ചുവർഷം കഴിഞ്ഞും സർട്ടിഫിക്കറ്റിനും മാർക്ക്ലിസ്റ്റിനുമായി സ്ഥാപനത്തിൽ കയറിയിറങ്ങുന്നു. രണ്ടുതവണ തിരുത്തൽ വരുത്തിയിട്ടും ഇതുവരെ കുറ്റമറ്റ സർട്ടിഫിക്കറ്റ് നൽകാനായിട്ടില്ല.
2014-17 ബാച്ച് വിദ്യാർഥികളാണ് കൃത്യമായ സർട്ടിഫിക്കറ്റിനും മാർക്ക്ലിസ്റ്റിനുമായി അലയുന്നത്. പ്രാരംഭദശയിലായിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ അസൗകര്യങ്ങളും മികച്ച ഭരണസംവിധാനത്തിന്റെ അഭാവവും ഏറ്റവുമധികം ബാധിച്ചത് 2014ൽ പ്രവേശനം നേടിയ വിദ്യാർഥികളെയായിരുന്നു. 2017ൽ തീരേണ്ട ഇവരുടെ കോഴ്സ് അവസാനിച്ചത് 2018 സെപ്റ്റംബറിലാണ്. പ്രോജക്ടുകൾ പരിശോധിച്ചു മാർക്കിടൽ തീർന്നത് 2019 ഫെബ്രുവരിയിലും. നവംബറിൽ ബിരുദദാന ചടങ്ങിനു കാമ്പസിലെത്തിയപ്പോൾ മാത്രമാണ് ഇവർ സർട്ടിഫിക്കറ്റിന്റെ ഡ്രാഫ്റ്റ് കണ്ടത്.
വിദ്യാർഥികളുടെ രജിസ്ട്രേഷൻ നമ്പറോ ഡയറക്ടറുടെയോ രജിസ്ട്രാറുടെയോ ഒപ്പോ ഫയൽനമ്പറോ ഇല്ലാതെ പ്രകടമായ തെറ്റുകൾ നിറഞ്ഞ സർട്ടിഫിക്കറ്റ്. ഇത്തരത്തിലൊരു സർട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്നും ചടങ്ങ് ബഹിഷ്കരിക്കുമെന്നും വിദ്യാർഥികൾ നിലപാടെടുത്തതോടെ, നിലവിലെ സർട്ടിഫിക്കറ്റ് ചടങ്ങിൽ സ്വീകരിക്കണമെന്നും പിന്നീട് അത് തിരിച്ചുവാങ്ങി ഒരാഴ്ചകൊണ്ട് പുതിയതു നൽകാമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീലിന്റെ സാന്നിധ്യത്തിൽ അന്നത്തെ ഡയറക്ടർ സണ്ണിജോസഫ് അടക്കം അധികൃതർ അറിയിച്ചു. ഇതേതുടർന്നാണ് ബിരുദദാനം നടന്നത്. എന്നാൽ, പിന്നീട് നടപടിയുണ്ടായില്ല. പുതിയ ഡയറക്ടറായി ചുമതലയേറ്റ ശങ്കർ മോഹനെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.
2021 സെപ്റ്റംബറിൽ പുതിയ സർട്ടിഫിക്കറ്റ് തയാറായി. ആ സർട്ടിഫിക്കറ്റിൽ എഴുതിയതാകട്ടെ, 2014-19 വരെ നടന്ന പരീക്ഷകൾ വിദ്യാർഥി ജയിച്ചു എന്ന നിലയിലും. മൂന്നുവർഷ ഡിപ്ലോമ കോഴ്സിനെ അഞ്ചുവർഷത്തെ ഡിപ്ലോമ കോഴ്സാക്കി, സർട്ടിഫിക്കറ്റിൽ. മാത്രമല്ല ചിലർക്ക് രജിസ്ട്രേഷൻ നമ്പർ ഉണ്ടെങ്കിൽ മറ്റു ചിലർക്ക് റോൾ നമ്പറാണ് കൊടുത്തത്. വസ്തുതകൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പരാതിപ്പെട്ടതോടെ സർട്ടിഫിക്കറ്റിൽ വീണ്ടും തിരുത്തൽ വരുത്താൻ തീരുമാനിച്ചു. അങ്ങനെ 2022 സെപ്റ്റംബറിൽ പുതിയ സർട്ടിഫിക്കറ്റ് വന്നു, അതിൽ രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ എന്നാണ് രേഖപ്പെടുത്തിയത്. ഈ സർട്ടിഫിക്കറ്റിനു എന്ത് ആധികാരികതയാണുള്ളതെന്നാണ് വിദ്യാർഥികളുടെ ചോദ്യം.
ജോലി ആവശ്യത്തിനു ചിലർ സർട്ടിഫിക്കറ്റ് കൈപ്പറ്റിയെങ്കിലും ബാക്കിയുള്ളവർ വാങ്ങിയിട്ടില്ല. സർട്ടിഫിക്കറ്റ് എന്നു ശരിയാക്കി നൽകുമെന്ന് ഒരു പിടിയുമില്ല. ഒറിജിനൽ മാർക്ക് ലിസ്റ്റും ഇതുവരെ ലഭിച്ചിട്ടില്ല. പ്രൊവിഷനൽ മാർക്ക് ലിസ്റ്റ് കിട്ടിയതിലും തെറ്റുണ്ട്. രണ്ടുപേജുള്ള മാർക്ക് ലിസ്റ്റിൽ ആദ്യത്തെ പേജിൽ ഒരു രജിസ്റ്റർ നമ്പറും അടുത്ത പേജിൽ മറ്റൊരു രജിസ്ട്രേഷൻ നമ്പറുമാണ്. ശതമാനം കണക്കാക്കിയതിന് ഏകീകൃത രൂപമില്ല. പരീക്ഷഫലം അറിഞ്ഞപ്പോൾ കിട്ടിയതിനെക്കാൾ 10 മാർക്ക് അധികമുണ്ട്, ഒരാൾക്ക്. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയാകാത്തതിൽ നിരാശയിലാണ് വിദ്യാർഥികൾ.
പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർക്ക് അറിയില്ല
33ാം വയസ്സിലാണ് ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനെത്തിയത്. ഇപ്പോൾ 42 വയസ്സുണ്ട്. 2018ൽ കോഴ്സ് തീർന്നിട്ടും സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്നു പറയുന്നത് എന്തു ദുര്യോഗമാണ്. ഇപ്പോഴത്തെ ഡയറക്ടറോടു സംസാരിച്ചപ്പോൾ ‘‘നിങ്ങളിതിൽ ഇടപെടണ്ട. ഓഫിസ് കാര്യങ്ങൾ നോക്കാൻ ഞങ്ങൾക്കറിയാം’’ എന്നായിരുന്നു പ്രതികരണം. ബിരുദദാന സമയത്ത് മന്ത്രി കെ.ടി. ജലീലിന്റെ സാന്നിധ്യത്തിൽ അധികൃതർ പറഞ്ഞത് പുതിയ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യുന്നത് വിദ്യാർഥികളുമായി ചർച്ച നടത്തി അവരെ വിശ്വാസത്തിൽ എടുത്തായിരിക്കും എന്നാണ്. എന്നാൽ, ഇന്നുവരെ ഡയറക്ടറോ ചെയർമാനോ അതിനു തയാറായിട്ടില്ല. സർട്ടിഫിക്കറ്റ് എങ്ങനെവേണം എന്നതിനെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർക്ക് ഗ്രാഹ്യമില്ല. പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നും അറിയില്ല
- ധനേഷ് ജി. കൃഷ്ണൻ,
ഇൻസ്റ്റിറ്റ്യൂറ്റിലെ ആദ്യബാച്ച് വിദ്യാർഥി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.