കോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കോഴ്സ് ഘടനയിൽ വരുത്തിയ മാറ്റം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പരീക്ഷിച്ചു പരാജയപ്പെട്ടതെന്നു സ്റ്റുഡന്റ്സ് കൗൺസിൽ. അടൂർ ഗോപാലകൃഷ്ണൻ ചെയർമാനായിരിക്കെയാണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടുവര്‍ഷ പി.ജി ഡിപ്ലോമയിലേക്ക് മൂന്നു വര്‍ഷ കോഴ്സിനെ വെട്ടിച്ചുരുക്കിയത്. ഇതിനെതിരെ വിദ്യാർഥികളും അധ്യാപകരുമടക്കം സമരത്തിനിറങ്ങി. നീണ്ട നാളത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ പഴയ രീതിയിൽ കോഴ്സ് പുനഃസ്ഥാപിക്കുകയായിരുന്നു.
അതേ പരീക്ഷണമാണ് ശാസ്ത്രീയ പഠനമില്ലാതെ ഇവിടെയും ആവർത്തിക്കുന്നതെന്ന് സ്റ്റുഡന്റ്സ് കൗൺസിൽ ചെയർമാൻ ശ്രീദേവ് സുപ്രകാശ് പറഞ്ഞു. പ്രതിഷേധം ഭയന്ന് അക്കാദമിക് കൗൺസിലിലെയും എക്സിക്യൂട്ടിവ് കൗൺസിലിലെയും വിദ്യാർഥി പ്രാതിനിധ്യം എടുത്തുകളഞ്ഞു. അക്കാദമിക് കൗൺസിലിൽ രണ്ട് വിദ്യാർഥികളും ഒരു അലുമ്നിയും എക്സിക്യൂട്ടിവ് കൗൺസിലിൽ സ്റ്റുഡന്റ്സ് കൗൺസിൽ ചെയർമാനുമടക്കം നാലുപേരാണ് വിദ്യാർഥികളെ പ്രതിനിധാനം ചെയ്ത് ഉണ്ടായിരുന്നത്.
കോവിഡ് കാലത്താണ് ഘടനാമാറ്റം പ്രഖ്യാപിക്കുന്നത്. എതിർപ്പ് ഒഴിവാക്കാൻ പ്രവേശന സമയത്ത് ക്ലാസുകൾ കോവിഡിന്റെ പേരിൽ ഇൻസ്റ്റിറ്റ്യൂട്ടിനു പുറത്ത് വാടകക്കെടുത്ത കെട്ടിടത്തിൽ നടത്തി. ഇതിനെതിരെ പ്രതിഷേധിച്ച നാലു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. മന്ത്രി ഇടപെട്ട് ചർച്ച നടത്തിയശേഷം ഇവരെ തിരിച്ചെടുക്കുകയായിരുന്നു. സ്ക്രിപ്റ്റ് റൈറ്റിങ് ആൻഡ് ഡയറക്ഷൻ, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, ഓഡിയോഗ്രഫി, ആക്ടിങ്, അനിമേഷൻ എന്നിങ്ങനെ ആറു കോഴ്സാണ് ഇവിടെയുള്ളത്.
ആക്ടിങ്, അനിമേഷൻ എന്നിവ രണ്ടുവർഷ ഡിപ്ലോമ കോഴ്സുകളും ബാക്കി മൂന്നുവർഷ പി.ജി ഡിപ്ലോമ കോഴ്സുകളും ആയിരുന്നു. ഇതിൽ പി.ജി ഡിപ്ലോമ കോഴ്സുകൾ രണ്ടുവർഷമാക്കി മാറ്റുകയാണ് ചെയ്തത്. വർക്ഷോപ്പുകളും പ്രോജക്ടുകളുടെ കാലാവധിയും വെട്ടിക്കുറച്ചാണ് കോഴ്സ് രണ്ടുവർഷമാക്കി ചുരുക്കിയതെന്നാണ് വിദ്യാർഥികളുടെ പരാതി. ഒരു സെമസ്റ്ററിൽ നാലു വർക്ഷോപ്പെങ്കിലും പുറത്തുനിന്നുള്ള ഫാക്കൽറ്റിയെ കൊണ്ടുവന്ന് നടത്തിയിരുന്നു. ഈ വർഷം ഒന്നുപോലും നടത്തിയിട്ടില്ല. കോഴ്സിനുശേഷം ജോലിക്കു കയറുമ്പോൾ പലയിടത്തും മൂന്നുവർഷ പി.ജി ഡിപ്ലോമ സർട്ടിഫിക്കറ്റാണ് ചോദിക്കുന്നത്. സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലടക്കം ഇത്തരം കോഴ്സുകൾ ഉണ്ടെന്നും വിദ്യാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.