കോട്ടയം: ചലച്ചിത്ര പഠനത്തിന് സംസ്ഥാന സർക്കാർ സ്ഥാപിച്ച കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി പി.ആർ.ജിജോയ് തിങ്കളാഴ്ച രാവിലെ ചുമതലയേൽക്കും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ജൂനിയർ ഫെല്ലോഷിപ്പും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ യുവ കലാകാര സ്‌കോളർഷിപ്പും നേടിയിട്ടുള്ള ജിജോയ്, 2014 മുതൽ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്.ടി.ഐ.ഐ) അസോഷ്യേറ്റ് പ്രഫസറാണ്.
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ നിന്ന് തിയേറ്റർ ആർട്സിൽ ബിരുദം നേടിയ ജിജോയ്, പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് റാങ്കോടെ ഡ്രാമ ആൻഡ് തിയേറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്.
55 ചലച്ചിത്രങ്ങളിലും 40 നാടകങ്ങളിലും 25 ഹ്രസ്വചിത്രങ്ങളിലും വേഷമണിഞ്ഞു. നാല് വൻകരകളിലായി 400 അന്താരാഷ്ട്ര നാടകമേളകളുടെ ഭാഗമായി. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഷെയ്ക്സ്പിയർ തിയറ്ററിന്റെ ഭാഗമായി 2000 മുതൽ 2010 വരെ പ്രവർത്തിച്ചു. നാലു വർഷം സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ അധ്യാപകനുമായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂർവ്വ വിദ്യാർഥിയും തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.