കോട്ടയം: കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാൻ കലക്ടർ ഉത്തരവിട്ടെങ്കിലും സമരം തുടരാൻ വിദ്യാർഥികൾ. കാമ്പസ് പൂട്ടുകയാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതല്ലാതെ തങ്ങളോട് ഒഴിയാൻ ആരും ആവശ്യപ്പെട്ടില്ലെന്നും അവസാനത്തെയാളും തളർന്നുവീഴുന്നതുവരെ ക്രിസ്മസ് ദിനം മുതൽ തങ്ങൾ നിരാഹാരം കിടക്കുമെന്നും സ്റ്റുഡന്റ്സ് കൗൺസിൽ ചെയർമാൻ ശ്രീദേവ് സുപ്രകാശ് പറഞ്ഞു.
വിദ്യാർഥികൾ നിരാഹാരം പ്രഖ്യാപിച്ച സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും ക്രമസമാധാന പാലനത്തെ ബാധിക്കുമെന്നുംകാട്ടി സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കൂടിയായ സബ് കലക്ടർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരി എട്ടുവരെ അടച്ചിടാൻ കലക്ടർ ഉത്തരവിട്ടത്.
ഡയറക്ടറാണ് ഉത്തരവ് നടപ്പാക്കേണ്ടത്. എന്നാൽ, സമരം തുടങ്ങിയശേഷം കാമ്പസിലെത്താത്ത ഡയറക്ടർ ഇതുവരെ വിദ്യാർഥികൾക്കോ പൊലീസിനോ അത്തരം നിർദേശം നൽകിയിട്ടില്ല. വിദ്യാർഥികൾ കാമ്പസിൽ തുടരുകയാണ്. ഉത്തരവ് വന്നതിനുപിന്നാലെ ശനിയാഴ്ച രാവിലെ മുതൽ പള്ളിക്കത്തോട് പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
എന്നാൽ, പുസ്തകം വായിച്ചും പാട്ടുപാടിയുമുള്ള പ്രതിഷേധം എങ്ങനെ ക്രമസമാധാന പ്രശ്നമാകുമെന്ന് വിദ്യാർഥികൾ ചോദിക്കുന്നു. ഐക്യദാർഢ്യം പ്രഖ്യാപിച്ച് പല സംഘടനകളും വരുന്നുണ്ടെങ്കിലും അവരെല്ലാം ഗേറ്റിനുപുറത്താണ് പ്രതിഷേധിക്കുന്നത്. കാമ്പസിനകത്ത് സമരത്തിനിരിക്കുന്നത് വിദ്യാർഥികൾ മാത്രമാണ്. പ്രശ്നമുണ്ടാക്കാൻ താൽപര്യമില്ലാത്തതിനാലാണ് പുറത്തുപോയി സമരം ചെയ്യാത്തതെന്നും വിദ്യാർഥികൾ പറയുന്നു.
ഡിസം. അഞ്ചിനാണ് ഡയറക്ടർ ശങ്കർമോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ പഠിപ്പുമുടക്കി സമരം ആരംഭിച്ചത്. ജാതിവിവേചനവും മനുഷ്യത്വവിരുദ്ധ പ്രവൃത്തികളും നടത്തുന്ന ഡയറക്ടറെ ചെയർമാർ അടൂർ ഗോപാലകൃഷ്ണൻ സംരക്ഷിക്കുകയാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ആദ്യം മൂന്നംഗസംഘത്തെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി നിയോഗിച്ചിരുന്നു. ഇവർ കാമ്പസിലെത്തി വിദ്യാർഥികളോട് സംസാരിച്ചെങ്കിലും ഡയറക്ടറുടെ മൊഴിയെടുക്കാനായില്ല. തുടർന്നാണ് രണ്ടംഗ ഉന്നതതല കമീഷനെ നിയോഗിച്ചതായി മന്ത്രി ആർ. ബിന്ദു അറിയിച്ചത്. മലയാളം സർവകലാശാല മുൻ വി.സി കെ. ജയകുമാർ, നുവാൽസ് മുൻ വി.സി ഡോ. എൻ.കെ. ജയകുമാർ എന്നിവരാണ് പുതിയ കമീഷൻ അംഗങ്ങൾ.
അതേസമയം പുതിയ കമീഷനെ നിയോഗിച്ചതിലൂടെ തങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതായി വിദ്യാർഥികൾ പറഞ്ഞു. കമീഷൻ അംഗങ്ങൾ ഡയറക്ടർക്കും ചെയർമാനും സ്വാധീനിക്കാവുന്നവരാണ്. സംവരണ വിഷയമാണ് ഉന്നയിക്കുന്നത് എന്നതിനാൽ ആ വിഭാഗത്തിലുള്ള ഒരാളെയെങ്കിലും കമീഷനിലുൾപ്പെടുത്താമായിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.