പാലക്കാട്: കർഷകർക്കും കുടുംബശ്രീ, പാടശേഖര സമിതികൾ എന്നിവർക്കും മാത്രം കിട്ടിയിരുന്ന ആനുകൂല്യങ്ങൾ കർഷകരുടെ സംഘകൃഷി കൂട്ടായ്മയായ ‘കൃഷിക്കൂട്ട’ങ്ങൾക്കും ലഭ്യമാക്കി സർക്കാർ ഉത്തരവ്. കൃഷിവകുപ്പ് മുഖേന ഓരോ വാർഡിലും നാല് മുതൽ 20 വരെ കർഷകരെ ഉൾപ്പെടുത്തിയുണ്ടാക്കിയ കൂട്ടായ്മയാണ് കൃഷിക്കൂട്ടം. വ്യക്തിഗത കർഷകനിൽ നിന്ന് ഗ്രൂപ്പുകൾക്ക് പ്രാധാന്യം ലഭിക്കുന്ന നയത്തിലേക്ക് മാറുന്ന നയസമീപനമാണ് ഉത്തരവിലൂടെ നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച മാർഗരേഖകളിൽ ഭേദഗതിവരുത്തിയാണ് സർക്കാർ ഉത്തരവ്. നിലവിൽ പഞ്ചായത്തുകളിലും വാർഡുകളിലും കൃഷിക്കൂട്ടങ്ങളുണ്ട്.
ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് 10 കൃഷിക്കൂട്ടങ്ങളുണ്ട്. കൃഷി ഉൽപാദനം, വിപണനം, ജൈവവളം പോലെ ഉൽപാദന ഉപാധികളുടെ നിർമാണം, മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണനം ചെയ്യൽ തുടങ്ങിയ മേഖലകളിലാണ് കൃഷിക്കൂട്ടം പ്രവർത്തിക്കുന്നത്. ഇനി തദ്ദേശസ്ഥാപനങ്ങളിൽനിന്ന് സബ്സിഡിയും ധനസഹായവും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് വകയിരുത്താനാകും. ചെറുകിട-നാമമാത്ര കർഷകരും കർഷക തൊഴിലാളി ഗ്രൂപ്പും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയാണെങ്കിൽ പാട്ടത്തുകയായി ഹെക്ടറിന് 2500 രൂപ അധികമായി നൽകുന്നുണ്ട്. കൃഷിക്കൂട്ടങ്ങൾ ഭൂമി വാടകക്കെടുത്ത് കൃഷി ചെയ്താലും ഇതേ രീതിയിൽ സ്ഥലമുടമക്ക് 2500 രൂപ നൽകാനും സർക്കാർ അനുമതി നൽകി.
കൃഷിവകുപ്പാണ് കൃഷിക്കൂട്ടങ്ങൾക്ക് പരിശീലനം നൽകുന്നത്. 10 കൃഷിക്കൂട്ടങ്ങൾ ഒരുമിച്ച് ചേർത്ത് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്യാം. നിലവിൽ തൊഴിൽ സേനകൾക്കും സമിതികൾക്കും സംഘങ്ങൾക്കും കിട്ടുന്ന സഹായം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും നൽകാമെന്ന് കഴിഞ്ഞ ദിവസമിറങ്ങിയ ഉത്തരവിലുണ്ട്. പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ വിപണന സംവിധാനത്തിന് സഹായമെന്ന ഇനത്തിൽ വിപണന മേഖലയിലെ കൃഷിക്കൂട്ടങ്ങളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കാർഷിക കർമസേനകൾ, അഗ്രോ സർവിസ് സെന്ററുകൾ എന്നിവെക്കാപ്പം രജിസ്റ്റർ ചെയ്ത കൃഷിക്കൂട്ടങ്ങളെയും സബ്സിഡി ഇനത്തിൽ ഉൾപ്പെടുത്തി. കാർഷിക ഉൽപന്നങ്ങളുടെ വിപണന സംവിധാന സഹായം ഇനി മുതൽ വിപണന മേഖലയിലെ കൃഷിക്കൂട്ടങ്ങൾക്കും ലഭിക്കും.
പൂകൃഷിയിൽ ഉൽപാദന മേഖലയിലെ കൃഷിക്കൂട്ടങ്ങൾക്കും സബ്സിഡി ലഭിക്കും. നിലവിൽ ചെറുകിട കർഷകർ കുടുംബശ്രീ ഗ്രൂപ്പുകൾ എന്നിവക്കാണ് സബ്സിഡി ലഭിക്കുന്നത്. കൃഷിക്കൂട്ടങ്ങൾക്ക് തിരിച്ചടക്കേണ്ട റിവോൾവിങ് ഫണ്ടിനും അനുമതിയായി. കാർഷിക യന്ത്രങ്ങളുടെയും മറ്റും തകരാർ പരിഹരിച്ച് കൃഷിക്ക് ഉപയുക്തമാക്കാൻ ഈ ഫണ്ടിലൂടെ സാധിക്കും. ഒരു വർഷത്തിനുശേഷം വരുമാനമുണ്ടാക്കി തുക തിരിച്ചടക്കേണ്ടിവരും. പാടശേഖര സമിതികൾക്കും കർഷക സംഘങ്ങൾക്കും റിവോൾവിങ് ഫണ്ട് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.