പാലക്കാട്: എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിടെ മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസ്. പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് രാവിലെ പ്രഖ്യാപിച്ച പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂറിനൊപ്പം എത്തിയ കൃഷ്ണദാസ് 'ഇറച്ചിക്കടയിൽ കാത്തുനിൽക്കുന്ന പട്ടികളെപ്പോലെയാണ്' മാധ്യമപ്രവർത്തകരെന്ന് ആക്ഷേപിക്കുകയായിരുന്നു. മാധ്യമപ്രവർത്തകർ അബ്ദുൽ ഷുക്കൂറിന്‍റെ പ്രതികരണം തേടിയപ്പോഴായിരുന്നു സംഭവം.
ഷുക്കൂർ സംസാരിക്കുന്നില്ലെന്ന് എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. 'സി.പി.എമ്മിൽ പൊട്ടിത്തെറിയെന്ന് പറഞ്ഞ് വാർത്ത കൊടുത്തവർ ലജ്ജിച്ച് തലതാഴ്ത്തുക. ഇറച്ചിക്കടയിൽ പട്ടിനിൽക്കുന്നത് പോലെ രാവിലെ മുതൽ ഷുക്കൂറിന്‍റെ വീടിന്‍റെ മുന്നിൽ കാത്തുനിൽക്കുന്നവർ ലജ്ജിച്ച് തലതാഴ്ത്തുക' എന്നായിരുന്നു കൃഷ്ണദാസിന്‍റെ വാക്കുകൾ. എന്തിനായിരുന്നു കൃഷ്ണദാസ് ഷുക്കൂറിന്‍റെ വീട്ടിൽ പോയത് എന്ന് ചോദിച്ചപ്പോൾ, ഞാൻ എനിക്ക് ഇഷ്ടമുള്ള വീട്ടിൽ പോകും എന്നായിരുന്നു മറുപടി. അധിക്ഷേപ വാക്കുകൾ ആവർത്തിക്കുകയും ചെയ്തു.
സി.പി.എം ജില്ല നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിടുകയാണെന്ന് രാവിലെ പറഞ്ഞത്. സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ടെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് ഷുക്കൂർ പറഞ്ഞു. പാർട്ടിക്ക് വേണ്ടി ആത്മാർഥമായാണ് താൻ പ്രവർത്തിച്ചത്. എന്നാൽ, പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തുകയാണ്. ഒരുപാടായി സഹിക്കുകയാണ്. ജില്ല സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. ജില്ല സെക്രട്ടറിയുടെ പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഷുക്കൂർ പറഞ്ഞിരുന്നു.
അതേസമയം, ഷുക്കൂറിനെ സി.പി.എം നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചിരിക്കുകയാണ്. ഇതോടെയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഷുക്കൂർ പങ്കെടുത്തത്.
അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതിൽ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് നേരത്തെയും കൃഷ്ണദാസ് ആക്രോശിച്ചിരുന്നു. ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാൻ പറയുകയായിരുന്നു കൃഷ്ണദാസ്. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയെന്നും നിങ്ങള്‍ കഴുകൻമാരെ പോലെ നടക്കുകയല്ലേയെന്നും ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.