കോട്ടയം: പ്രസിദ്ധ ശിൽപിയായ കെ.എസ്. രാധാകൃഷ്ണന്‍റെ ശിൽപമായ 'മയ്യ' സി.എം.എസ് കാമ്പസിൽ ഉയർന്നു. കൈയടികളോടെയും ആരവത്തോടെയുമാണ് കുട്ടികളും അധ്യാപകരും മറ്റും ശിൽപത്തെ സ്വീകരിച്ചത്. കെ.എസ്. രാധാകൃഷ്ണനൊപ്പം അദ്ദേഹത്തിന്‍റെ ഗുരുനാഥനും ആർട്ടിസ്റ്റുമായ പി.സി. മാമ്മൻ, സംവിധായകൻ ജയരാജ്, പ്രിൻസിപ്പൽ വർഗീസ് സി. ജോഷ്വ തുടങ്ങിയവരും സാക്ഷികളായി.
മയ്യ എന്ന സാങ്കൽപിക കഥാപാത്രത്തിന്‍റെ ചാരുത ശിൽപത്തിന്‍റെ വ്യത്യസ്തഭാവങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. പ്രകൃതിയോട് ഇഴചേർന്ന് എഴുതുന്ന പെൺകുട്ടി എന്ന സങ്കൽപത്തെ അനശ്വരമാക്കും വിധത്തിലാണ് മയ്യയെ കാമ്പസിൽ അവതരിപ്പിച്ചത്. കെ.എസ്. രാധാകൃഷ്ണന്‍റെ ശിൽപം ആദ്യമായാണ് കേരളത്തിലെ ഒരു കാമ്പസിൽ സ്ഥാപിക്കുന്നത്. കൊൽക്കത്തയിലെ ശാന്തിവനത്തിലാണ് ശിൽപം നിർമിച്ചത്. 16 അടിയാണ് ആകെ ഉയരം. ശിൽപം വെങ്കലത്തിലും ചുവടുഭാഗം കൃഷ്ണശിലയിലുമാണ് തയാറാക്കിയിരിക്കുന്നത്.
'ഹ്യൂസ് ഓഫ് ടൈംസ്' എന്ന പേരിൽ നാല് ഘട്ടമായാണ് കാമ്പസിൽ ശിൽപോദ്യാനം ഒരുക്കിയിരിക്കുന്നത്. കോളജിന്‍റെ ചരിത്രം, പൈതൃകം എന്നിവയുൾപ്പെടുത്തിയ ആദ്യഘട്ടം നൂറോളം ചരിത്രകാരന്മാർ ചേർന്നാണ് പൂർത്തിയാക്കിയത്.
സംസ്ഥാന സർക്കാറിന്‍റെ സഹായത്തോടെ കോളജിൽ മ്യൂസിയം ആരംഭിക്കുന്നതിന്‍റെ ചുവടുവെപ്പായാണ് ശിൽപോദ്യാനത്തിന്‍റെ ഒരുക്കം. പ്രഗല്ഭരായ കലാകാരന്മാരുടെ 150ഓളം സൃഷ്ടികൾ ഇതിനോടകം സമാഹരിച്ചിട്ടുണ്ട്. കാമ്പസിനുള്ളിലെ ചുവരുകളിൽ കോളജിന്‍റെ ചരിത്രം, പൈതൃകം എന്നിവയുൾപ്പെടുത്തിയ മ്യൂറൽ പെയിന്‍റിങ്ങാണ് രണ്ടാമത്തേത്. മൂന്നാമത്തത് ശിൽപങ്ങളാണ്.
കോളജ് കാമ്പസിനുള്ളിൽ ശില്പവിദ്യാലയം നിർമിക്കുകയെന്ന ലക്ഷ്യത്തോടെ, കോട്ടയത്തിന്‍റെ ശിൽപിയായ കെ.എസ്. രാധാകൃഷ്ണനെ സമീപിച്ചെങ്കിലും ശിൽപം നിർമിക്കാൻ സാധിച്ചില്ല. പിന്നീട്, മറ്റ് ആറ് ശിൽപികളെ സമീപിച്ച് ആറ് ശിൽപം കൃഷ്ണശിലയിൽ നിർമിച്ചു. 60 ഫ്രെയിമുകളിലായി തിരുവിതാംകൂറിന്‍റെ ചരിത്രം, കേരളത്തിന്‍റെ നവോത്ഥാനം, വിദ്യാഭ്യാസചരിത്രം, കോളജിന്‍റെ പശ്ചാത്തലം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്ന ചുവർശില്പങ്ങളാണ് നാലാംഘട്ടത്തിൽ കാമ്പസിൽ ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ ആദ്യ ആധുനിക സർവകലാശാലയാണ് സി.എം.എസ് കോളജ്. തുച്ഛമായ പ്രതിഫലം വാങ്ങിയാണ് ശിൽപങ്ങളും പെയിന്‍റിങ്ങുകളും നിർമിച്ചതെന്ന് പ്രിൻസിപ്പൽ വർഗീസ് സി. ജോഷ്വ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.