പാലക്കാട്: ആവശ്യത്തിന് ജീവനക്കാരില്ലാതെ കെ.എസ്.ഇ.ബി വിതരണ വിഭാഗം സെക്ഷൻ ഓഫിസുകൾ വലയുന്നു. പകരം ആളെ നിയമിക്കാത്തതിനാൽ രണ്ടാഴ്ച മുമ്പിറങ്ങിയ സ്ഥലംമാറ്റ ഉത്തരവുപ്രകാരം പോകാനാവാത്ത അവസ്ഥയിലാണ് പല സെക്ഷൻ ഓഫിസുകളിലെ ലൈൻമാന്മാരും.
12 ലൈൻമാന്മാരും ആറ് ഇലക്ട്രിസിറ്റി വർക്കർമാരും ആവശ്യമായിടത്ത് പത്തിൽ താഴെ ജീവനക്കാർ മാത്രമേ ഭൂരിഭാഗം സെക്ഷൻ ഓഫിസുകളിലുമുള്ളൂ. ഇതിനു പുറമെയാണ് രണ്ടാഴ്ച മുമ്പ് ആഘാതമേൽപിച്ച് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. നാലും അഞ്ചും ലൈൻമാന്മാരെ സ്ഥലംമാറ്റിയശേഷം പകരം ഒന്നോ രണ്ടോ പേരെ മാത്രമാണ് നൽകിയത്.
ഇലക്ട്രിസിറ്റി വർക്കർ കാറ്റഗറിയിൽ വർഷങ്ങളായി പി.എസ്.സി നിയമനം നടന്നിട്ടില്ല. 2019നുമുമ്പ് ജോലിചെയ്ത കരാർ ജീവനക്കാരെ പ്രത്യേക പരീക്ഷ നടത്തി നിയമിച്ചതാണ് അവസാന നടപടി. ഇങ്ങനെ ജോലി ലഭിച്ച പലരും വിരമിച്ചു.
മുൻകാലങ്ങളിൽ പത്താം ക്ലാസ് പരാജയപ്പെട്ടവരെയായിരുന്നു വർക്കർമാരായി നിയമിച്ചിരുന്നത്. ഇവരാണ് സ്ഥാനക്കയറ്റം ലഭിച്ച് ലൈൻമാന്മാരാകുന്നത്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ പുതിയ നിബന്ധനയനുസരിച്ച് സാങ്കേതിക യോഗ്യതയുള്ളവരെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂ.
ഇതനുസരിച്ച് ഐ.ടി.ഐ യോഗ്യതയുള്ളവരെ ടെക്നീഷ്യൻ എന്ന പേരിൽ താഴെത്തലങ്ങളിൽ എടുക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. ഈ ചർച്ച തുടങ്ങിയിട്ട് അഞ്ചുവർഷത്തിൽ കൂടുതലായെങ്കിലും തീരുമാനം വന്നിട്ടില്ല. ഐ.ടി.ഐ യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ അവസരമാണ് ഇതിനാൽ നഷ്ടപ്പെടുന്നത്.
പോസ്റ്റിൽ കയറിയും മറ്റുമുള്ള അപകടംപിടിച്ച ജോലികൾക്ക് കരാർ തൊഴിലാളികളെ ലഭിക്കാത്തതിനാൽ കരാർ നിയമനവും നടക്കുന്നില്ല. അതിനാൽ ലൈൻമാന്മാരായി വിരമിച്ചവരെയടക്കം കരാറടിസ്ഥാനത്തിൽ നിയോഗിക്കുകയാണ്.
കുറച്ചു മാസം മുമ്പാണ് ആയിരത്തിലേറെ ലൈൻമാന്മാരെ ഓവർസിയർമാരാക്കി സ്ഥാനക്കയറ്റം നൽകിയത്. ഇതിനനുസരിച്ച് ലൈൻമാൻ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുകയോ പുതിയ നിയമനം നടത്തുകയോ ചെയ്യാത്തത് ജീവനക്കാരുടെ ക്ഷാമം രൂക്ഷമാക്കി.
നിലവിലുള്ള ഇലക്ട്രിസിറ്റി വർക്കർമാരിൽനിന്ന് ലൈൻമാന്മാരിലേക്ക് സ്ഥാനക്കയറ്റം നൽകാൻ കോടതികളിലെ കേസുകളാണ് തടസ്സമെന്ന് കെ.എസ്.ഇ.ബി വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.