തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ രാജാക്കാട് ടൂറിസം സൊസൈറ്റിക്ക് വൈദ്യുതി ബോർഡിന്റെ ഭൂമി പാട്ടത്തിന് നൽകിയത് കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡിന്റെയും വകുപ്പ് മന്ത്രിയുടെയും അംഗീകാരത്തോടെ. ടൂറിസം സൊസൈറ്റികൾക്ക് ഭൂമി നൽകിയത് ബോർഡിന്റെയോ സർക്കാറിന്റെയോ അനുമതിയില്ലാതെയായിരുന്നുവെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ബി. അശോക് അരോപിച്ചിരുന്നു. രാജാക്കാട് വിഷയത്തിൽ ഇത് ശരിയല്ലെന്ന് ബോർഡിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. അതേസമയം ഈ ഭൂമി ലഭിച്ചത് അന്നത്തെ മന്ത്രിയായിരുന്ന എം.എം. മണിയുടെ ബന്ധുവിന് ബന്ധമുള്ള സൊസൈറ്റിക്കാണ്.
പൊന്മുടി ഡാം പ്രദേശത്തെ 21 ഏക്കർ ഭൂമി ടൂറിസം പദ്ധതികൾക്കായി അനുവദിക്കണമെന്നാണ് രാജാക്കാട് സർവിസ് സൊസൈറ്റി വൈദ്യുതി ബോർഡിലെ ഹൈഡൽ ടൂറിസം സെന്ററിന് അപേക്ഷ നൽകിയത്. 2019 ഫെബ്രുവരി ആറിന് മന്ത്രി എം.എം. മണിയുടെ സാന്നിധ്യത്തിൽ ഹൈഡൽ ടൂറിസം സെന്ററിന്റെ ഗവേണിങ് ബോഡി യോഗം വിളിച്ചു. ഇതിൽ സൊസൈറ്റിക്ക് ഭൂമി നൽകാൻ ധാരണയായി. തുടർന്ന് ഫെബ്രുവരി 28ന് ചേർന്ന ഫുൾബോർഡ് യോഗം അംഗീകാരം നൽകുകയും ബോർഡ് ഉത്തരവ് ഇറക്കുകയും ചെയ്തു.
അതേസമയം ഭൂമി അനുവദിക്കുമ്പോൾ തന്റെ മരുമകനായിരുന്നില്ല സൊസൈറ്റി പ്രസിഡന്റെന്ന് മുൻ മന്ത്രി എം.എം. മണി പ്രതികരിച്ചു. ഭൂമി അനുവദിച്ചത് നിയമവിധേയവും ബോർഡ് അറിഞ്ഞുമാണ്. ഭൂമി നൽകുന്ന കാര്യം മന്ത്രി അറിയേണ്ട കാര്യമില്ല. ബോർഡിന് തീരുമാനിക്കാം. എല്ലാം വ്യവസ്ഥകൾ പ്രകാരമാണ് ചെയ്തത്. തന്റെ കൈകൾ ശുദ്ധമാണ്. ജനങ്ങൾക്ക് വേണ്ടി ചെയ്യാനുള്ളത് ചെയ്തു- അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ കാലത്ത് ഉയർന്ന വിലക്ക് 850 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് താൻ ശിപാർശ നൽകിയിരുന്നു. മാട്ടുപ്പെട്ടിയിലും കുണ്ടളയിലും ഭൂമി കൈമാറിയിരുന്നു. ബന്ധുക്കൾക്കും കോൺഗ്രസുകാർക്കും അന്ന് ഭൂമി നൽകിയിട്ടുണ്ട്. അതിന്റെ രേഖയുണ്ടെന്നും എം.എം. മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.