പാലക്കാട്: സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന ഗുരുതര വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനായി, അംഗീകാരമില്ലെന്ന് കണ്ടെത്തിയ വൈദ്യുതി വാങ്ങല്‍ കരാറുകൾ താൽക്കാലികമായി തുടരാൻ വൈദ്യുതി റെഗുലേറ്ററി കമീഷൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകി.കേന്ദ്ര മാനദണ്ഡം ലംഘിച്ച് ദീർഘകാല കരാറിലേർപ്പെട്ട കമ്പനികളിൽനിന്ന് വൈദ്യുതി വാങ്ങാൻ അംഗീകാരം നൽകണമെന്ന കെ.എസ്.ഇ.ബിയുടെ അപേക്ഷ മേയ് 10ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ തള്ളിയിരുന്നു. തുടർന്ന് ഡൽഹിയിലെ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഉത്തരവിന് സ്റ്റേ ലഭിച്ചില്ല.
ഈ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്റെ അനുമതിയോടെ കമീഷനിൽ നൽകിയ പുനഃപരിശോധന ഹരജിയിലാണ് 75 ദിവസംകൂടി തൽസ്ഥിതി തുടരാൻ അനുമതി നൽകിയത്. അപ്പലേറ്റ് ട്രൈബ്യൂണൽ ജൂലൈ ഏഴിന് കെ.എസ്.ഇ.ബിയുടെ ഹരജി വീണ്ടും പരിഗണിക്കുന്നുണ്ട്. ട്രൈബ്യൂണലിൽ വിധി വരും വരെ തൽസ്ഥിതി തുടരാനാണ് സാധ്യത.
ജൂൺ ഒന്നിനാണ് റെഗുലേറ്ററി കമീഷൻ കെ.എസ്.ഇ.ബിയുമായി ഹിയറിങ് നടത്തിയത്. കരാർ റദ്ദാക്കിയാൽ വൈദ്യുതി കമ്മി 1000 മെഗാവാട്ടായി വർധിക്കുമെന്നും ഇത്രയും വൈദ്യുതി ലഭ്യത ഇന്നത്തെ സാഹചര്യത്തിൽ ഉറപ്പാക്കുക എളുപ്പമല്ലെന്നും കെ.എസ്.ഇ.ബി കമീഷനെ അറിയിച്ചു. ബദൽ മാർഗങ്ങൾ തേടിപ്പോയാൽ 60 -70 കോടിയുടെ ബാധ്യതയാണ് പ്രതിമാസം സംസ്ഥാനത്തിന് വരുക.
നിലവിൽ കക്കയത്തെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയിലെ പെൻസ്റ്റോക്ക് പൈപ്പുകളിലെ തകരാർമൂലം 125 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. കൂടങ്കുളത്തുനിന്ന് എത്തുമായിരുന്ന 133 മെഗാവാട്ട് വൈദ്യുതി പവർ പ്ലാന്റിന്റെ അറ്റകുറ്റപ്പണി കാരണം ലഭിക്കുന്നില്ല. കായംകുളം താപ വൈദ്യുതി നിലയത്തിൽ യൂനിറ്റിന് 13 രൂപ ചെലവ് വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ നിലവിലെ കരാർ കമ്പനികളിൽനിന്ന് യൂനിറ്റിന് നാലു രൂപക്ക് കിട്ടുന്ന വൈദ്യുതിയാണ് കൂടുതൽ ലാഭകരമെന്ന് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷന്റെ ഹിയറിങ്ങിൽ അറിയിച്ചു.
എന്നാൽ, യൂനിറ്റിന് 4.50 രൂപയിൽ താഴെ വൈദ്യുതി കിട്ടുകയില്ലെന്ന കെ.എസ്.ഇ.ബി വാദം കമീഷൻ അംഗങ്ങൾ എതിർത്തു. കരാർ റദ്ദാക്കിയാലുള്ള പ്രത്യാഘാതങ്ങൾ കൃത്യമായി അറിയിച്ചിരുന്നില്ലെന്ന് കമീഷൻ അംഗങ്ങൾ കുറ്റപ്പെടുത്തി. കെ.എസ്.ഇ.ബിക്കു വേണ്ടി സർക്കാർ ഇടപെടലിലൂടെയാണ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.