തിരുവനന്തപുരം: സബ് സ്റ്റേഷനുകൾ, ട്രാൻസ്മിഷൻ ലൈനുകൾ എന്നിവയിൽനിന്ന് ക്വാറികൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള പ്രവർത്തനാനുമതി ദൂരപരിധി കർശനമായി പാലിക്കാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് നിർദേശം. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി റെഗുലേഷൻ പ്രകാരം ദൂരപരിധി 300 മീറ്ററാണ്. എന്നാൽ, കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് 2012ൽ ട്രാൻസ്മിഷൻ ലൈനുകൾക്ക് 100 മീറ്ററും ട്രാൻസ്ഫോമറുകൾക്ക് 300 മീറ്ററുമായി ദൂരപരിധി ക്രമീകരിച്ചിരുന്നു. ഈ ഇളവാണ് ഒഴിവാക്കുന്നത്. ഇനി മുതൽ സബ് സ്റ്റേഷനുകൾ, ട്രാൻസ്മിഷൻ ലൈനുകൾക്കും 300 മീറ്റർ അകലെ മാത്രമാവും ക്വാറികൾക്ക് എൻ.ഒ.സി നൽകുക.
ദൂരപരിധിയിൽ വ്യക്തതതേടി തൊടുപുഴ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കഴിഞ്ഞ മേയിൽ നൽകിയ കത്ത് പരിഗണിച്ചാണ് ബോർഡ് ഇടപെടൽ. ടാൻസ്മിഷൻ സൗത്ത്, നോർത്ത് ചീഫ് എൻജിനീയർമാർ നൽകിയ റിപ്പോർട്ടിലും ട്രാൻസ്മിഷൻ ലൈനുകൾ, സബ് സ്റ്റേഷനുകൾ എന്നിവയുടെ 300 മീറ്റർ പരിധിയിൽ ക്വാറികൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ക്വാറികളുടെ ദൂരപരിധി കുറക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിലുണ്ട്.
ദൂരപരിധി 100 മീറ്ററായി കുറക്കുന്നതുമൂലം തുടർച്ചയായ സ്ഫോടനങ്ങൾ മൂലമുള്ള പ്രകമ്പനം ലൈൻ ടവറുകളുടെ അടിത്തറയടക്കം ദുർബലാക്കുന്നു. പാറച്ചീളുകളും മറ്റും തെറിച്ച് വീഴുന്നത് ഇൻസുലേറ്ററുകൾ, മിന്നൽ രക്ഷാചാലകങ്ങൾ എന്നിവക്ക് ഭീഷണിയാകുന്നതിനൊപ്പം വൈദ്യുതി വിതരണവും തടസ്സപ്പെടുത്തുന്നു. ക്വാറികളിലെ പൊടിയും അന്തരീക്ഷ മലിനീകരണവും ടവറുകളിലെ സിറാമിക്, പോളിമർ ഭാഗങ്ങളെ ബാധിക്കുന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇതെല്ലാം പരിഗണിച്ചാണ് ട്രാൻസ്മിഷൻ ലൈനിൽനിന്നും സബ് സ്റ്റേഷനുകളിൽനിന്നും ക്വാറികൾ പാലിക്കേണ്ട ദൂരപരിധി 300 മീറ്റർ തന്നെയായിരിക്കണമെന്ന് വ്യക്തത വരുത്തി ഉത്തരവിറക്കിയത്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ പരിഷ്കരിച്ച റെഗുലേഷനിലും രണ്ടിടങ്ങളിലും ദൂരപരിധി 300 മീറ്ററായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.