പാലക്കാട്: കുറഞ്ഞനിരക്കിൽ വൈദ്യുതി വാങ്ങൽ സാധ്യമാകുന്ന സാഹചര്യത്തിൽ നിരക്ക് കുറക്കാൻ റെഗുലേറ്ററി കമീഷനിൽനിന്ന് അനുമതി തേടി കെ.എസ്.ഇ.ബി. പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറക്കാനുള്ള അനുമതിക്കായി റെഗുലേറ്ററി കമീഷന് അടുത്ത ദിവസംതന്നെ അപേക്ഷ സമർപ്പിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. ചുരുങ്ങിയ ചെലവിൽ വൈദ്യുതി ലഭ്യമാകുമ്പോൾ അതിന്റെ ഗുണം ഉപഭോക്താവിനും ലഭിക്കണം. ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്ത് റെഗുലേറ്ററി കമീഷന് അപേക്ഷ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 13,000 കോടി രൂപയാണ് വൈദ്യുതി വാങ്ങാൻ ബോർഡ് നീക്കിവെച്ചത്. ഈ വർഷം 15,000 കോടി താരിഫ് പെറ്റീഷനിൽ നീക്കിവെച്ചിട്ടുണ്ട്. എന്നാൽ, ബോർഡിന്റെ ഇടപെടലിൽ കുറഞ്ഞ നിരക്കിൽ കേന്ദ്രപദ്ധതികളിൽനിന്നും വൈദ്യുതി കൈമാറൽ കരാറുകളിൽനിന്നും ഹ്രസ്വകാല കരാറുകളിൽനിന്നും ലഭിച്ചിട്ടുണ്ട്. കൂടാതെ, ജലവൈദ്യുതി നിലയങ്ങളുടെ ഉൽപാദനശേഷി കൂടിയ സാഹചര്യത്തിൽ നീക്കിവെച്ച അത്രയും തുക വേണ്ടിവരില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി നീക്കം.
അടുത്ത നാലു വർഷത്തേക്ക് കെ.എസ്.ഇ.ബി സമർപ്പിച്ച താരിഫ് പെറ്റീഷനിൽ അടുത്ത ദിവസംതന്നെ റെഗുലേറ്ററി കമീഷൻ തീരുമാനം വന്നേക്കും. 2024-25ല്‍ വൈദ്യുതി നിരക്കില്‍ യൂനിറ്റിന് 30 പൈസയുടെ വര്‍ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്. 2025 ജനുവരി മുതല്‍ മേയ് വരെ യൂനിറ്റിന് 10 പൈസ വേനല്‍ക്കാല നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. താരിഫ് വർധനയിൽ റെഗുലേറ്ററി കമീഷൻ നടത്തിയ പൊതുതെളിവെടുപ്പിൽ ജനങ്ങളിൽനിന്ന് വൻ എതിർപ്പാണ് ഉയർന്നത്. നിരക്ക് കൂട്ടാൻ മാത്രമല്ല, കുറക്കാനും കെ.എസ്.ഇ.ബി നിർദേശം സമർപ്പിക്കാമെന്ന റെഗുലേറ്ററി കമീഷന്റെ വിമർശനവുമുണ്ടായി.
മന്ത്രി പ്രഖ്യാപിച്ച പകൽവൈദ്യുതി നിരക്ക് കുറക്കാനുള്ള നിർദേശം കെ.എസ്.ഇ.ബി ഇപ്പോൾ നൽകിയ താരിഫ് പെറ്റീഷനിൽ പ്രതിമാസ ഉപഭോഗം 250ൽ കൂടുതലുള്ള താരിഫുകാർക്ക് ടൈം ഓഫ് ഡേ (ടി.ഒ.ഡി) പ്രകാരം നടപ്പാക്കാൻ നിർദേശം വെച്ചിട്ടുണ്ട്. പകൽസമയങ്ങളിൽ 90 ശതമാനം, പീക്ക് സമയത്ത് (വൈകീട്ട് ആറു മുതൽ പത്തു വരെ) -125 , ഓഫ് പീക്ക് സമയത്ത് (രാത്രി 10 മുതൽ ആറു വരെ) 100 ശതമാനവുമാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ, ടി.ഒ.ഡി നിരക്ക് സംബന്ധിച്ചല്ല, എല്ലാ ഉപയോക്താക്കൾക്കും പകൽസമയം നിരക്ക് കുറക്കുന്ന കാര്യത്തിലാണ് റെഗുലേറ്ററി കമീഷന് അപേക്ഷ സമർപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബിയുടെ ചില സമീപകാല വൈദ്യുതി ലഭ്യത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.