തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി സുരേഷ് കുമാറിന് പിഴ. മുൻ വൈദ്യുതി മന്ത്രി എം.എം മണിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ആയിരിക്കെ വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചത്തിനെതിരെയാണ് നടപടി.
48640 കി.മീ. സ്വകാര്യ ആവശ്യത്തിനുപയോഗിച്ചത്തിന് 6,72,560 രൂപ നഷ്ടപരിഹാരം നൽകണം എന്നാണ് നോട്ടീസ്. 10 ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ 12 ഗഡുക്കളായി ശമ്പളത്തിൽ നിന്ന് പിടിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. കെ.എസ്.ഇ.ബി ചെയർമാൻ ബി. അശോകാണ് 19ന് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. വൈദ്യുതി ഭവൻ വളയൽ സമരം നടന്ന ദിവസമാണ് നോട്ടീസിറങ്ങിയത്.
കെ.എസ്.ഇ.ബിയിലെ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന സമവായ ചര്‍ച്ചയില്‍ പ്രതികാര നടപടികള്‍ കൈക്കൊള്ളരുതെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നൽകിയിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് ഒരു ദിവസം മുമ്പാണ് പിഴ അടയക്കാനുള്ള ഉത്തരവ് ചെയര്‍മാന്‍ ഇറക്കിയത്.
എന്നാൽ, നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സുരേഷ് കുമാർ പറഞ്ഞു. ആയിരത്തോളം പേരെ അണിനിരത്തിയാണ് ഓഫീസേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം വൈദ്യുതി ഭവന്‍ വളഞ്ഞത്.
നേരത്തെ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ച് സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമരം ചെയ്തതിന് ബോർഡ് ചെയർമാൻ പ്രതികാരം ചെയ്യുകയാണെന്നുമായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. പിന്നാലെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനിടെയിലാണ് സുരേഷ് കുമാറിനെതിരെ പിഴ ചുമത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.