തിരുവനന്തപുരം: കെ.എസ്.എഫ്.ഇ പരിശോധനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിനോട് വിശദീകരണം തേടി. എന്തൊക്കെ രേഖകളാണ് വിജിലൻസ് ശേഖരിച്ചതെന്നറിയിക്കാൻ ധന വകുപ്പും കെ.എസ്.എഫ്.ഇയോട് റിപ്പോർട്ട് തേടി.
തുടർനടപടി മരവിപ്പിക്കാൻ അവധിയിലുള്ള സുദേഷ് കുമാർ ചുമതലയുള്ള ഐ.ജി എച്ച്. വെങ്കിടേഷിന് നിർദേശം നൽകിയിട്ടുണ്ട്. എസ്.പിമാർ ഡയറക്ടർക്ക് സമർപ്പിക്കുന്ന ത്വരിത റിപ്പോർട്ടിൽ കള്ളപ്പണം വെളുപ്പിക്കൽ അടക്കം ക്രമക്കേടുകളെക്കുറിച്ച കണ്ടെത്തൽ ഒഴിവാക്കണം. ഉദ്യോഗസ്ഥരുടെ അഴിമതിയും ചിട്ടി നടത്തിപ്പിലെ പിഴവുകളും വിവരിച്ച അന്തിമ റിപ്പോർട്ടായിരിക്കണം ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതെന്നും നിർദേശമുണ്ട്.
കെ.എസ്.എഫ്.ഇയിൽ ക്രമക്കേട് ആരോപിച്ച് രണ്ടുമാസം മുമ്പാണ് വിജിലൻസിന് പരാതി ലഭിച്ചത്. രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തി കഴമ്പുണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് വെള്ളിയാഴ്ച രാവിലെ മുതൽ 'ഒാപറേഷൻ ബച്ചത്' എന്ന പേരിൽ 40 ശാഖകളിൽ റെയ്ഡ് നടത്തിയത്. 35 ഇടത്തും ക്രമക്കേട് കണ്ടെത്തി. തിരുവനന്തപുരത്ത് ഒരു ബ്രാഞ്ചിൽ പ്രതിമാസം വിവിധ ചിട്ടികളിലായി നാലര മുതൽ ഒമ്പത് ലക്ഷം വരെ അടക്കുന്നവരുണ്ട്. ഇത് കള്ളപ്പണമാണോയെന്ന് കണ്ടെത്താൻ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് മുന്നോട്ടുപോകുന്നതിനിടയിലാണ് അന്വേഷണത്തിന് തടയിട്ടത്.
പരിശോധനക്ക് ആഭ്യന്തരവകുപ്പിെൻറ കൂടി അനുമതിയുണ്ടായിരുന്നതായാണ് വിവരം. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസാണെങ്കിലും ജൂനിയറായ സഞ്ജയ് എം. കൗളാണ് വിജിലൻസ് കേസ് കൈകാര്യം ചെയ്യുന്നത്. കള്ളപ്പണ നിക്ഷേപമെന്ന കണ്ടെത്തലിൽ എൻഫോഴ്സ്മെൻറ് ഡയറക്ടററേറ്റ് വരുംദിവസങ്ങളിൽ കെ.എസ്.എഫ്.ഇയിൽ പരിശോധന നടത്താൻ സാധ്യത ഏറെയാണ്. സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കിഫ്ബിയിൽ ഇ.ഡി പരിശോധന തുടരുന്നതിനിടയിലാണ് കെ.എസ്.എഫ്.ഇയെ വിജിലൻസ് വെട്ടിലാക്കിയത്.
അഴിമതി അങ്ങനെ പുറത്ത് വേരണ്ട...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലും വിജിലൻസ് അഴിമതി കണ്ടെത്തിയെങ്കിലും ഭക്ഷ്യമന്ത്രിയുടെ ഓഫീസും സി.പി.ഐയും സമ്മർദം ചെലുത്തിയതോടെ തുടർ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് തടയിട്ടു. 'ഓപറേഷൻ ക്ലീൻ കിറ്റ് 'എന്ന പേരിൽ നടത്തിയ പരിശോധയിൽ ജനങ്ങൾക്ക് നൽകുന്ന ശർക്കരയിൽ ഗുണനിലവാരമില്ലെന്നും കിറ്റിൽ തൂക്കക്കുറവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു.
ശർക്കര ഒഴിവാക്കി പിന്നീട് പഞ്ചസാര കിറ്റിൽ ഉൾപ്പെടുത്തിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ല. ഒക്ടോബറിൽ സംസ്ഥാനത്തെ 306 ക്വാറികളിൽ പരിശോധന നടത്തി 286 ഇടത്തു ഗുരുതര ക്രമക്കേട് വിജിലൻസ് കണ്ടെത്തിയെങ്കിലും ഉന്നതർ ഇടപെട്ടതോടെ അന്തിമറിപ്പോർട്ടിൽ 22 ആയി ചുരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.