വി.എസ് സ്വന്തം ജീവിതം ഇതിഹാസമാക്കിയ വിപ്ലവകാരി -മുഖ്യമന്ത്രി

തിരുവനന്തപുരം: ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെ സ്വന്തം ജീവിതം ഇതിഹാസമാക്കി മാറ്റിയ ധീരവിപ്ലവകാരിയാണ് വി.എസ്. അച്യുതാനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്‍.കെ.ടി.യു മുഖമാസികയായ കർഷത്തൊഴിലാളിയുടെ പ്രഥമ കേരള പുരസ്കാരം വി.എസിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസിനുവേണ്ടി മകൻ ഡോ. വി.എ. അരുൺകുമാർ പുരസ്കാരം ഏറ്റുവാങ്ങി.

കേരളത്തിന്‍റെ സാമൂഹിക ജീവിതം മെച്ചപ്പെടുത്താൻ സ്വജീവിതം ഉഴിഞ്ഞുവെച്ച വി.എസ് കേരള പുരസ്കാരത്തിന് എല്ലാവിധത്തിലും അർഹനാണ്. യാതനയുടെയും സഹനത്തിന്റെയും അതിജീവനത്തിന്‍റെയും പാതകളിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ സഞ്ചാരം. വി.എസ് നൽകിയ മഹത്തായ സംഭാവനകളുടെ കൂടി ഫലമാണ് ആധുനിക കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷതവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കർഷകത്തൊഴിലാളി മാസിക മാനേജർ ആനാവൂർ നാഗപ്പൻ, വി. ജോയി എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, അശോകൻ ചരുവിൽ, പ്രഫ. വി. കാർത്തികേയൻ നായർ, ആർ. പാർവതിദേവി, മാസിക എഡിറ്റർ പ്രീജിത് രാജ്, കെ.എസ്.കെ.ടി.യു ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ, പ്രസിഡന്റ് എൻ.ആർ. ബാലൻ തുടങ്ങിയവർ പങ്കെടുത്തു. കേരള സാഹിത്യ പുരസ്കാരങ്ങൾ സുരേഷ് പേരിശ്ശേരി, കെ. രാജേന്ദ്രൻ, ശ്രീജിത്ത് അരിയല്ലൂർ, ഡോ. എ.വി. സത്യേഷ് കുമാർ, നീലിമ വാസൻ, ശ്രീദേവി കെ. ലാൽ എന്നിവർക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

Tags:    
News Summary - KSKTU kerala award to VS Achuthanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.