കെ.​എ​സ്.​ആ​ർ.​ടി.​സി: യൂനിയനുക​ളെല്ലാം സമരമുഖത്ത്

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ട്രേഡ് യൂനിയനുകളെല്ലാം സമരമുഖത്താണെങ്കിലും കെ.എസ്.ആർ.ടി.സിയിലെ ശമ്പളവിതരണത്തിന് തുക കണ്ടെത്താനാകാതെ മാനേജ്മെന്‍റ്. ചീഫ് ഓഫിസിന് മുന്നിലെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി അനിശ്ചിത കാല സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ബി.എം.എസ് സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം തുടങ്ങിയത്. എ.ഐ.ടി.യു.സി ബഹുജന സമര കൺവെൻഷൻ വിളിച്ചാണ് പ്രതിഷേധം കടുപ്പിക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം വൈകലിന് കാരണമായി മന്ത്രി ആരോപിച്ചത് തൊഴിലാളികൾ നടത്തിയ പണിമുടക്കാണ്. എന്നാൽ, ഇക്കുറി ആരും പണിമുടക്കിലേക്ക് പോയിട്ടില്ലെന്നും ശമ്പളം എവിടെയെന്നുമാണ് തൊഴിലാളികളുടെ ചോദ്യം.

സർക്കാർ ധനസഹായമായി ലഭിച്ച 30 കോടിയാണ് മാനേജ്മെന്‍റിന്‍റെ കൈവശം ആകെയുള്ളത്. കഴിഞ്ഞമാസത്തെ ശമ്പളം നൽകാനെടുത്ത ഓവർ ഡ്രാഫ്റ്റ് (ഒ.ഡി) അടച്ചുതീർക്കാനുള്ളതിനാൽ പുതിയത് എടുക്കാനാവില്ല. കലക്ഷൻ വരുമാനത്തിന്‍റെ നല്ലൊരു ശതമാനവും ഇന്ധനച്ചെലവിലും കൺസോർട്യം വായ്പക്കുമായി വിനിയോഗിച്ചു. ഇനിയുള്ള കലക്ഷനിൽനിന്ന് മിച്ചം പിടിച്ചാലേ ശമ്പളത്തിന് വക കണ്ടെത്താനാകൂ.

ഈ മാസം 20നു പോലും ശമ്പളം നൽകാൻ കഴിയുമെന്ന കാര്യത്തിൽ മാനേജ്മെന്‍റിനും ഉറപ്പില്ല. ഇതിനിടെ ഗതാഗത മന്ത്രി വൈറൽ പനി ബാധിച്ച് വിശ്രമത്തിലാണ്. ശമ്പളകാര്യത്തിൽ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ 10 ദിവസത്തേക്ക് ഉണ്ടാകില്ലെന്ന് ഏതാണ്ടുറപ്പായി. ഫോൺ വഴിയുള്ള ഇടപെടലുകൾക്കേ ഇനി സാധ്യതയുള്ളൂ. ഇതിനിടെ സർക്കാർ നൽകിയ 30 കോടി ഉപയോഗിച്ച് കഴിഞ്ഞമാസത്തെ ഒ.ഡി തിരിച്ചടവിനുള്ള ആലോചനകളും നടക്കുന്നുണ്ട്. പുതിയ ഒ.ഡി എടുത്താലും കൂടുതൽ സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാനാകില്ല.

Tags:    
News Summary - KSRTC: All unions are on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.