കെ.എസ്.ആർ.ടി.സി: സർക്കാറിന് സമാനതകളില്ലാത്ത പ്രഹരം; നാണക്കേട്, വരുമാന മികവിലും താളം തെറ്റിച്ചത് തിരിച്ചടവ്

തിരുവനന്തപുരം: പ്രതിമാസ കലക്ഷനടക്കം വരുമാനം 162 കോടിയായി ഉയർന്നിട്ടും കെ.എസ്.ആർ.ടി.സിയിൽ ശമ്പളവിതരണം താളംതെറ്റിച്ചത് കടം തിരിച്ചടവും ഡീസൽ വിലവർധനയും. സർക്കാറിൽനിന്ന് പ്രതീക്ഷിച്ചത് കിട്ടിയില്ലെന്ന് മാത്രമല്ല, ഈ മാസം ഇനി നൽകാനാവില്ലെന്ന കൈമലർത്തൽ കൂടിയായതോടെ കാര്യങ്ങൾ കൈവിട്ടു.

സർവിസുകളൊന്നും നടക്കാത്ത കോവിഡ് കാലത്തുപോലും മുടങ്ങാത്ത ശമ്പളം വിഷുവും ഈസ്റ്ററുമെത്തിയ മാസത്തിൽ 17 ദിവസം പിന്നിട്ടിട്ടും വിതരണം ചെയ്യാനാകാത്തത് സമാനതകളില്ലാത്ത പ്രഹരവും നാണക്കേടുമാണ് മാനേജ്മെന്‍റിനും സർക്കാറിനുമേൽപിച്ചിരിക്കുന്നത്. പ്രതിസന്ധിയുടെ സമ്മർദവും പ്രത്യാഘാതവും തിരിച്ചറിഞ്ഞ് സി.ഐ.ടി.യു അടക്കം പണിമുടക്കിന് നിർബന്ധിതമായതും ഈ സാഹചര്യത്തിലാണ്. 158 കോടി കലക്ഷനും നാല് കോടി ടിക്കറ്റിതര വരുമാനവുമാണ് മാർച്ചിൽ കെ.എസ്.ആർ.ടി.സിക്കുള്ളത്. 3300 ബസ് ഓടിച്ചാണ് ഈ മികച്ച കലക്ഷൻ നേടിയത്. ഫെബ്രുവരിയിലെ ശമ്പളം നൽകാൻ 50 കോടി മാനേജ്മെന്‍റ് ഓവർ ഡ്രാഫ്റ്റ് (ഒ.ഡി) എടുത്തിരുന്നു. പ്രതിദിനം 1.25 കോടിയാണ് ഇതി‍െൻറ തിരിച്ചടവ്. ദിവസേനയുള്ള കലക്ഷനിൽനിന്നാണ് ഈ തുക അടക്കുന്നത്. ഈ തുക തിരിച്ചടച്ചാലേ അടുത്ത ഒ.ഡി കിട്ടൂ. തിരിച്ചടവ് പൂർത്തിയാകാൻ ഏപ്രിൽ 20 ആകുമെന്നാണ് വിവരം. ഇതിനുപുറമേ, ബാങ്ക് കൺസോർട്യം വായ്പ തിരിച്ചടവുമുണ്ട്.

കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തി‍െൻറ നല്ലൊരു ശതമാനവും വിനിയോഗിക്കുന്നത് ഇന്ധനച്ചെലവിനാണ്. ബൾക് പർച്ചേസ് വിഭാഗത്തിനുള്ള ഇന്ധനവില കൂട്ടിയ സാഹചര്യത്തിൽ സ്വകാര്യ പമ്പുകളിൽനിന്നാണ് ഡീസലടിക്കുന്നത്. ഒരു ലിറ്റർ പോലും കൂടിയ വിലയ്ക്ക് വാങ്ങിയിട്ടില്ല. എന്നാൽ, ചില്ലറ വിൽപന കേന്ദ്രങ്ങളിൽ വരെ ഇക്കാലയളവിൽ ഒരു ലിറ്റർ ഡീസലിന് ഒമ്പത് രൂപയുടെ വർധനയാണുണ്ടായത്.

2.7 ലക്ഷം ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സി പ്രതിദിനം ഉപയോഗിക്കുന്നത്. ലിറ്ററിന് ഒരു രൂപ കൂടിയാൽതന്നെ ദിവസം 2.7 ലക്ഷം രൂപയാണ് അധികച്ചെലവ്. നിലവിലെ വിലയനുസരിച്ച് 2.81 കോടിയാണ് ദിനേനയുള്ള ഇന്ധനച്ചെലവ്. നേരത്തേ ഐ.ഒ.സിയിൽനിന്ന് ബൾക് പർച്ചേസായി ഡീസൽ വാങ്ങുന്ന ഘട്ടങ്ങളിൽ തുക പിന്നീട് നൽകുകയാണ് ചെയ്തിരുന്നത്. ചെറിയ കാലയളവിലേക്ക് ഇന്ധനക്കമ്പനികൾ കുടിശ്ശികയും അനുവദിച്ചിരുന്നു. എന്നാൽ, വാങ്ങൽ ചെറുകിട പമ്പുകളിലേക്ക് മാറിയതോടെ അന്നന്നുതന്നെ പണമടക്കണം. മുമ്പ് ഡീസൽ തുക തൽക്കാലത്തേക്ക് വകമാറ്റിയാണ് ശമ്പളത്തിന് പണം കണ്ടെത്തിയിരുന്നത്. പുതിയ സാഹചര്യത്തിൽ വകമാറ്റലിനും വഴിയില്ലാതെ മാനേജ്മെന്‍റും വെട്ടിലായി. ശമ്പള വിതരണത്തിനായി കെ.എസ്.ആർ.ടി.സി ധനവകുപ്പിനോട് 72 കോടി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചത് 30 കോടി മാത്രമാണ്.

Tags:    
News Summary - KSRTC: An unparalleled shame for the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.