ശബരിമല: തീർഥാടകരെ പമ്പയിൽ ഇറക്കിയ ശേഷം നിലയ്ക്കലിലെ ബേസ് ക്യാമ്പിലേക്ക് മടങ്ങിയ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ അട്ടത്തോടിനു സമീപമായിരുന്നു അപകടം.
യാത്രക്കിടെ ബസിന്‍റെ എഞ്ചിൻ ഭാഗത്തു നിന്നും പുക ഉയർന്നതോടെ ജീവനക്കാർ വാഹനം നിർത്തി പുറത്തിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഈ സമയം ഇതുവഴി എത്തിയ മറ്റ് ബസുകളിലെ ഫയർ എക്സിറ്റിംഗ്യൂഷർ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നും മൂന്ന് ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അപ്പോഴേക്കും ബസ് പൂർണമായി കത്തി നശിച്ചിരുന്നു. ബസ് പിന്നീട് ശരണ പാതയിൽ നിന്നും നിലയ്ക്കലിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ സീസണിൽ നിലയ്ക്കലിനും പമ്പയ്ക്കും ഇടയിലായി നാല് കെ.എസ്.ആർ.ടി.സി ബസുകൾക്ക് തീപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.