കോട്ടയം: കെ.എസ്.ആർ.ടി.സിയിൽ ഹൈകോടതി തടഞ്ഞ ഡബിൾ ഡ്യൂട്ടി വീണ്ടും നടപ്പാക്കി. കോടതിയലക്ഷ്യം കാണിച്ച ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്താനൊരുങ്ങുകയാണ് ഗതാഗത മന്ത്രിയും കോർപറേഷൻ സി.എം.ഡിയും. 2018 ജനുവരി ആറിന് അംഗീകൃത തൊഴിലാളി യൂനിയനുകളുമായി കെ.എസ്.ആർ.ടി.സി സി.എം.ഡി നടത്തിയ ചർച്ചയെത്തുടർന്നാണ് കെ.എസ്.ആർ.ടി.സിയിലെ എല്ലാ ഓർഡിനറി, ലിമിറ്റഡ് ഓർഡിനറി സർവിസുകളും സിംഗിൾ ഡ്യൂട്ടിയാക്കിയത്. കേരള ഹൈകോടതിയിലെ ഡബ്ല്യു.എ 1797, 1994, 2037, 2346 നമ്പർ റിട്ട് അപ്പീലുകളിൽ 2017 ഡിസംബർ 12ലെ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമായിരുന്നു ചർച്ച. ഇതിന്റെ അടിസ്ഥാനത്തിൽ 2018 ഫെബ്രുവരി 23ന് സി.എം.ഡി ഹേമചന്ദ്രൻ ഇതുസംബന്ധിച്ച ഉത്തരവിറക്കി.
അതിന്റെ പ്രധാനഭാഗം ഇങ്ങനെയായിരുന്നു: 'ഹൈകോടതി ഉത്തരവുപ്രകാരം അംഗീകൃത തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ സുരക്ഷ, ജീവനക്കാരുടെ ആരോഗ്യം, കാര്യക്ഷമത എന്നിവ പരിഗണിച്ചും പുനരുദ്ധാരണ നടപടികളുടെ ഭാഗമായി സർക്കാർ നിയമിച്ച സുശീൽ ഖന്ന റിപ്പോർട്ടിലെ നിർദേശങ്ങൾ കണക്കിലെടുത്തും 1961ലെ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ടിലെയും 1962ലെ കേരള മോട്ടോർ തൊഴിലാളി നിയമത്തിലെയും വ്യവസ്ഥകൾക്ക് വിധേയമായി എല്ലാ ഡ്യൂട്ടികളും സിംഗിൾ ഡ്യൂട്ടി പാറ്റേണുകളായി നിജപ്പെടുത്തുന്നു. ദീർഘദൂര സർവിസുകളിൽ നിയമാനുസൃതം ക്രൂ ചെയ്ഞ്ച് സംവിധാനം നടപ്പാക്കുന്നു. അനുബന്ധ ഡ്യൂട്ടികൾക്ക് അനുവദിക്കാവുന്ന ആകെ സമയം പരമാവധി അരമണിക്കൂർ ആയിരിക്കും.' തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കിയെന്ന് 2018 സെപ്റ്റംബറിൽ സി.എം.ഡി ടോമിൻ തച്ചങ്കരി ഹൈകോടതിയിൽ സത്യവാങ്മൂലവും നൽകിയിരുന്നു.
ഇതോടൊപ്പം 2018 സെപ്റ്റംബർ ഒമ്പതുമുതൽ സംസ്ഥാന വ്യാപകമായി നിലവിൽവന്ന വിശദമായ ഡ്യൂട്ടി പാറ്റേണും സമർപ്പിച്ചു. ഇതിലെ കണക്കുകൾ പ്രകാരം കെ.എസ്.ആർ.ടി.സിയിലെ എല്ലാ ഓർഡിനറി സർവിസുകളും സിംഗിൾ ഡ്യൂട്ടിയാണ്. ആകെ 6378 സിംഗിൾ ഡ്യൂട്ടി. വസ്തുതകൾ ഇതായിരിക്കെ കെ.എസ്.ആർ.ടി.സിയിൽ നിലവിൽ എങ്ങനെ ഡബിൾ ഡ്യൂട്ടി ഉണ്ടായി എന്നത് ദുരൂഹമാണ്. നിരവധി ആരോപണങ്ങൾ നേരിടുന്ന ഒരു എക്സിക്യൂട്ടിവ് ഡയറക്ടറും ഇടതുസംഘടനയുടെ നേതാവും വാക്കാൽ നൽകിയ നിർദേശത്തെ തുടർന്നാണ് സിംഗിൾ ഡ്യൂട്ടി അട്ടിമറിച്ചതെന്ന് ജീവനക്കാർ ആരോപിക്കുന്നു. അതേസമയം, വിവിധ ഡിപ്പോകളിൽ ഏതാനും സർവിസുകൾ സിംഗിൾ ഡ്യൂട്ടിയായി പ്രവർത്തിപ്പിക്കുന്നുമുണ്ട്. ഇക്കാര്യങ്ങൾ മറച്ചുവെച്ചാണ് കെ.എസ്.ആർ.ടി.സിയിലെ ഡബിൾ ഡ്യൂട്ടിയെക്കുറിച്ച് ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും സി.എം.ഡി ബിജു പ്രഭാകറും പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.