ചാത്തമംഗലം (കോഴിക്കോട്): ശമ്പള വിതരണത്തിന് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി ആന്റണി രാജുവിന്റെ വാഹനവ്യൂഹത്തിന് മുന്നിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പ്രതിഷേധം. ട്രേഡ് യൂനിയനുകളുടെ കൊടികളുമായി രണ്ടുപേർ മന്ത്രിയുടെ കാർ തടയുകയായിരുന്നു.
പ്രതിഷേധിച്ച കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്.ടി.യു) സംസ്ഥാന സമിതിയംഗം ടി. സുരേഷ് ചാലിൽ പുറായിൽ, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (ഐ.എൻ.ടി.യു.സി) കോഴിക്കോട് യൂനിറ്റ് വൈസ് പ്രസിഡൻറ് നിർമൽ രാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ചാത്തമംഗലത്ത് ഗ്രാമവണ്ടി ഉദ്ഘാടനത്തിനു ശേഷം മന്ത്രി മടങ്ങുമ്പോൾ വേദിയിൽനിന്ന് 100 മീറ്റർ അകലെ കെട്ടാങ്ങൽ അങ്ങാടിയിലായിരുന്നു പ്രതിഷേധം. റോഡരികിൽ നിന്ന രണ്ടു പേരും ''കെ.എസ്.ആർ.ടി.സിയിൽ ശമ്പളം എവിടെ? കൂപ്പൺ ഞങ്ങൾക്ക് വേണ്ട'' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി വാഹനത്തിന് മുന്നിലേക്ക് ഓടിയടുക്കുകയായിരുന്നു.
മുന്നിൽ നിന്ന് വാഹനം തടഞ്ഞ ഇവരിലൊരാളെ വെട്ടിച്ചു മുന്നോട്ടുപോയ കാറിനു പിറകെ ഏറെദൂരം ഇവർ മുദ്രാവാക്യവുമായി പിന്തുടർന്നു. തുടർന്ന് പൊലീസ് ബലമായി പിടിച്ചു മാറ്റുകയായിരുന്നു. ഇരുവരെയും കുന്ദമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മലപ്പുറം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി ഓണക്കാലത്തും തുടരുന്നതിനാൽ ജീവനക്കാരുടെ വ്യക്തിഗത വായ്പ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ്, ജനറൽ സെക്രട്ടറി ആമിർ കോഡൂർ എന്നിവർ ആവശ്യപ്പെട്ടു. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ എന്നിവ മുഖാന്തരം ജീവനക്കാരുടെ കുടുംബങ്ങൾക്ക് പ്രത്യേക സംവിധാനം ഒരുക്കണം.
ലാഭകരമായ പൊതുമേഖല സ്ഥാപനം എന്നതിലുപരി സർവിസ് മേഖലയായി കെ.എസ്.ആർ.ടി.സിയെ കാണണം. പി.എസ്.സി വഴി നിയമനം ലഭിച്ച കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരെ മറ്റ് വകുപ്പുകളിലെ ജീവനക്കാരെപോലെതന്നെ പരിഗണിക്കണം. കൃത്യമായി ശമ്പളം നൽകാൻ കഴിയാത്തത് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത മൂലമാണെന്നും ഇതിന് പരിഹാരം കാണാൻ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്നും എസ്.ഇ.യു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.