കെ-സ്വിഫ്റ്റ് ബസ് അപകടങ്ങൾ; ജീവനക്കാരെ സർവിസിൽ നിന്ന് നീക്കി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പുതിയ കെ-സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍മാരെ സർവിസിൽ നിന്ന് നീക്കംചെയ്തു. കന്നിയാത്രയിൽ ഉൾപ്പെടെ കെ-സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപെട്ടിരുന്നു. ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

ആദ്യ യാത്രയിൽ കഴിഞ്ഞ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരംകല്ലമ്പലത്ത് വെച്ചും 12ന് രാവിലെ 10.25ന് മലപ്പുറം കോട്ടക്കലില്‍ വെച്ചുമാണ് കെ-സ്വിഫ്റ്റ് സർവിസിലെ ബസുകള്‍ അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് ലോറിയുമായി ഉരസിയായിരുന്നു ആദ്യ അപകടം. അപകടത്തിൽ സൈഡ് മിറർ തകരുകയും ചെയ്തു. ഏകദേശം 35000 രൂപയുടെ നഷ്ടമാണുണ്ടായത്. തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ മറ്റൊരു മിറർ ഘടിപ്പിച്ചാണ് യാത്ര പുനഃരാരംഭിച്ചത്.



 

രണ്ടാമത്തെ സംഭവത്തിൽ ചങ്കുവെട്ടിയിൽ വെച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്.

ഇതിന് പിന്നാലെ അപകടങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിരുന്നു. ബസുകളെ കട്ടപ്പുറത്താക്കി സ്വിഫ്റ്റ് സര്‍വിസിനെ പൊളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ അപകടം എന്ന് സംശയിക്കുന്നുവെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി പറഞ്ഞത്.



 

മുഖ്യമന്ത്രി പിണറായി വിജയനാണ് കെ-സ്വിഫ്റ്റിന്റെ ആദ്യ സര്‍വിസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇക്കൂട്ടത്തിലെ രണ്ട് ബസുകളാണ് അപകടത്തില്‍പ്പെട്ടത്. കോടികള്‍ വലിയുള്ള ബസുകളാണ് കെ-സ്വിഫ്റ്റിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി റോഡിലിറക്കിയിട്ടുള്ളത്. 

Tags:    
News Summary - KSRTC kSwift accidents drivers removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.