കെ.എസ്.ആർ.ടി.സി പെൻഷൻ പ്രതിസന്ധി: സർക്കാർ ആർക്കൊപ്പമെന്ന് പ്രതിപക്ഷം 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ പെൻഷൻ കുടിശിക വരുത്തിയതും ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കെ.എസ്.ആർ.ടി.സി വിഷയത്തിൽ സർക്കാർ ആരുടെ പക്ഷത്താണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. പെൻഷൻ കുടിശിക ഉടൻ പരിഹരിക്കാനുള്ള നടപടിയാണ് മുഖ്യമന്ത്രിയിൽ നിന്ന് വേണ്ടതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. 

പെൻഷൻ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ജീവനക്കാർക്കെതിരായ നിലപാടാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വളരെ ലാഘവത്തോടെയാണ് സർക്കാർ വിഷയത്തെ കാണുന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം 10 കെ.എസ്.ആർ.ടി.സി ജീവനക്കാർ ആത്മഹത്യ ചെയ്തതായും പ്രതിപക്ഷം പറഞ്ഞു. 

ഒരു ജീവനക്കാരനും പെൻഷൻ കിട്ടാത്ത സാഹചര്യം ഉണ്ടിക്കില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പെൻഷൻ തുക പൂർണമായും നൽകും. കുടിശിക വന്നത് സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ്. ബാങ്ക് കൺസോഷ്യത്തിൽ നിന്നുള്ള വായ്പ ഫെബ്രുവരിയിൽ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

കെ.എസ്.ആർ.ടി.സിയിൽ വരവിനേക്കാൾ ചിലവാണ് കൂടുതൽ. 2017-18ലെ സഞ്ചിത നഷ്ടം 7966 കോടിയാണ്. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കി വരുന്നതെന്നും പിണറായി വ്യക്തമാക്കി. 

പെൻഷൻ എന്ന് കൊടുക്കുമെന്ന് മുഖ്യമന്ത്രി പറയാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഗുരുതര സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യുമ്പോൾ ധനമന്ത്രി സഭയിൽ എത്തിയില്ല. പ്രശ്നപരിഹാരത്തെ കുറിച്ച് സഭയിൽ ഉറപ്പ് നൽകേണ്ടി വരുമെന്ന ചിന്തയാകാം ധനമന്ത്രി ഒളിച്ചോടാൻ കാരണമെന്നും ചെന്നിത്തല ആരോപിച്ചു. 

മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
 

Tags:    
News Summary - KSRTC Pension Crisis: Opposition Boycot Assemply -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.