തിരുവനന്തപുരം: രണ്ടു മണിക്കൂറിൽ അധികം ബസ് വൈകുന്ന സാഹചര്യങ്ങളിൽ യാത്രക്കാരൻ യാത്ര ഉപേക്ഷിച്ചാൽ ഇനി മുതൽ റീ ഫണ്ട് ലഭ്യമാക്കാൻ കെ.എസ്.ആർ.സി തീരുമാനം. കെ.എസ്.ആർ.ടി.സിയുടെ പുതുക്കിയ ഓൺലൈൻ റിസർവേഷൻ നയത്തിലാണ് പുതിയ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചത്. റോഡിലെ തിരക്ക്, കാലാവസ്ഥ പ്രശ്നങ്ങൾ എന്നിവ മൂലം അന്തർസംസ്ഥാന സർവിസുകൾ രണ്ടും മൂന്നും മണിക്കൂറുകൾ വൈകിയെത്തുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. ഇത്തരം ഘട്ടത്തിൽ യാത്ര ഉപേക്ഷിച്ചാൽ നിലവിൽ റീ ഫണ്ടിന് അർഹതയില്ല. ഈ വ്യവസ്ഥയാണ് യാത്രക്കാർക്ക് ഉപകാരപ്പെടും വിധത്തിൽ ഇപ്പോൾ ഭേദഗതി ചെയ്തത്.
സർവിസുകൾ റദ്ദാക്കുന്ന സാഹചര്യങ്ങളിൽ റിസർവ് ചെയ്തവർക്ക് 24 മണിക്കൂറിനുള്ളിൽ റീഫണ്ട് ലഭ്യമാക്കും. റീഫണ്ട് തുക നിലവിലെ ബാങ്കിങ് നിയമങ്ങൾക്കു വിധേയമായി അക്കൗണ്ടിൽ ക്രെഡിറ്റാകും. ജീവനക്കാരുടെ പിഴവോ അശ്രദ്ധയോ മൂലം നിശ്ചിത പിക്-അപ് പോയന്റിൽനിന്ന് യാത്രക്കാരനെ കയറ്റിയില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകുമെന്നതാണ് മറ്റൊരു വ്യവസ്ഥ.
റിസർവേഷൻ സോഫ്റ്റ്വെയറിന്റെ സാങ്കേതിക തകരാർ കാരണം ട്രിപ് ഷീറ്റിൽ യാത്രക്കാരന്റെ ടിക്കറ്റ് വിശദാംശങ്ങൾ ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ തുക തിരികെ ലഭ്യമാക്കും. യാത്രക്കാരന്റെ അക്കൗണ്ടിൽനിന്ന് പണം പോവുകയും എന്നാൽ, കെ.എസ്.ആർ.ടി.സിയുടെ റിസർവേഷൻ ചാർട്ടിൽ പേര് വരാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ പരിഹരിക്കാനാണ് ഈ നിർദേശം.
ടിക്കറ്റ് ബുക്ക് ചെയ്യുകയും എന്നാൽ, ടിക്കറ്റിന്റെ പ്രിന്റോ മൊബൈൽ മെസേജോ പി.ഡി.എഫോ യാത്രക്കാരന്റെ കൈവശമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ അതേ സീറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കും. പക്ഷേ, ബസിൽനിന്ന് ടിക്കറ്റെടുക്കണം. യാത്ര കഴിഞ്ഞ ശേഷം ബസ് ടിക്കറ്റും ബുക്ക് ചെയ്ത ടിക്കറ്റും ഹാജരാക്കിയാൽ നിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും. യാത്ര ചെയ്തിട്ടില്ലെങ്കിൽ റീഫണ്ട് അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.